കടലാക്രമണം തടയാൻ 5300 കോടിയുടെ പദ്ധതി
Saturday, June 22, 2024 1:53 AM IST
തിരുവനന്തപുരം: കടലാക്രമണം തടയാൻ സംസ്ഥാനത്തെ തീരപ്രദേശങ്ങളിലെ 10 ഹോട്ട്സ്പോട്ടുകളിൽ 5300 കോടി രൂപയുടെ ടെട്രോപോഡ് പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയെ അറിയിച്ചു.
കടലാക്രമണ പ്രതിരോധ സംവിധാനം പഠിക്കാൻ ചെന്നൈയിലെ കേന്ദ്രസർക്കാർ സ്ഥാപനത്തെ ചുമതലപ്പെടുത്തി. എഡിബി, കിഫ്ബി തുടങ്ങിയവയുടെ സഹായത്തോടെ മാത്രമേ പദ്ധതി പൂർത്തിയാക്കാൻ കഴിയൂ.
കൊല്ലം ആലപ്പാട്ടെ കടലാക്രമണം പ്രതിരോധിക്കാനായി 175 കോടിയുടെ പദ്ധതി തയാറാക്കിയെന്ന് സി.ആർ. മഹേഷിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി. 10 ഹോട്ട്സ്പോട്ടുകളിൽ ചെല്ലാനത്തു മാത്രമാണ് ആദ്യഘട്ട നിർമാണം തുടങ്ങാനായത്.
കുഴിത്തുറ, ചെറിയഴീക്കൽ, ശംഖുമുഖം, കൊല്ലംകോട്, ഒറ്റമശേരി, കയ്പമംഗലം, പൊന്നാനി, തലശേരി തുടങ്ങിയവയാണ് മറ്റ് ഹോട്ട്സ്പോട്ടുകളെന്നും മന്ത്രി പറഞ്ഞു.