വെള്ളം കയറാത്ത കെഎസ്ആർടിസി സ്റ്റേഷൻ: ഇന്നു യോഗം
Saturday, June 22, 2024 1:53 AM IST
തിരുവനന്തപുരം: എറണാകുളത്ത് വെള്ളം കയറാത്ത കെഎസ്ആർടിസി ബസ് സ്റ്റേഷൻ നിർമിക്കുന്നതിനായി ഇന്നു യോഗം ചേരുമെന്നു മന്ത്രി കെ.ബി. ഗണേഷ് കുമാർ നിയമസഭയിൽ അറിയിച്ചു.
വെള്ളക്കെട്ടില്ലാത്ത കെഎസ്ആർടിസി കെട്ടിടം എങ്ങനെ നിർമിക്കാമെന്നതു സംബന്ധിച്ചു ഗതാഗത- കെഎസ്ആർടിസി ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം ചെന്നൈ എൻഐടിയിലെ എൻജിനിയർമാരും പങ്കെടുക്കും.
വിവേകാനന്ദ കനാലിൽനിന്ന് കമ്മട്ടിപ്പാടത്തെ ബസ് സ്റ്റേഷനിലേക്കു വെള്ളം കയറുന്നതാണു പ്രശ്നങ്ങൾക്കു കാരണം. ഗാരേജിനേക്കാൾ താഴ്ന്ന സ്ഥലത്ത് ബസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നതാണ് ഈ ശോച്യാവസ്ഥയ്ക്കു പ്രധാന കാരണം.
ഹൈബി ഈഡൻ എംപിയുടെ ഫണ്ട് ഉപയോഗിച്ചു നേരത്തേ കെട്ടിടം നിർമിച്ചെങ്കിലും പൈലിംഗ് അടക്കം നടത്താതിനാൽ ഇത് ഇടിഞ്ഞുതാഴ്ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നടന്നുവരികയാണെന്നും ടി.ജെ. വിനോദിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.