ഹൈറിച്ചിന്റെ സ്വത്തുവകകൾ കണ്ടുകെട്ടിയ ഉത്തരവ് റദ്ദാക്കി
Saturday, June 22, 2024 1:53 AM IST
കൊച്ചി: ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടിയത് സ്ഥിരപ്പെടുത്തിയ തൃശൂര്‍ പ്രത്യേക കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
താത്കാലിക കണ്ടുകെട്ടല്‍ 60 ദിവസത്തിനകം ബന്ധപ്പെട്ട കോടതി മുഖേന സ്ഥിരപ്പെടുത്തണമെന്ന ചട്ടം പാലിച്ചിട്ടില്ലെന്നു വിലയിരുത്തിയാണ് ജസ്റ്റീസ് പി.ജി. അജിത്കുമാര്‍ ഉത്തരവ് റദ്ദാക്കിയത്.
പ്രത്യേക കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഹൈറിച്ച് ഡയറക്ടര്‍മാര്‍ നല്കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. താത്കാലിക കണ്ടുകെട്ടല്‍ സ്ഥിരപ്പെടുത്താനും വസ്തുവകകള്‍ വില്പനയ്ക്ക് അനുവദിക്കാനും ആവശ്യപ്പെട്ട് 71-ാം ദിവസമാണു സര്‍ക്കാര്‍ ഹര്‍ജി നല്‍കിയതെന്നും ഇതു പരിഗണിച്ച് കാലയളവ് പരിധിയില്‍ ഇളവ് അനുവദിക്കാന്‍ ബന്ധപ്പെട്ട കോടതിക്ക് അധികാരമില്ലെന്നും സിംഗിള്‍ ബെഞ്ച് വിലയിരുത്തി.
അതേസമയം, സ്വത്ത് ജപ്തി ചെയ്യാനുള്ള നടപടികള്‍ വീണ്ടും സ്വീകരിക്കാന്‍ സര്‍ക്കാരിനു തടസമില്ലെന്നും ഉത്തരവില്‍ പറയുന്നു. ഹൈറിച്ചിനെതിരായ വ്യാപക പരാതിയെത്തുടര്‍ന്ന് ചേര്‍പ്പ് പോലീസ് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബഡ്സ് ആക്ട് പ്രകാരം ഹൈറിച്ചിന്റെ സ്വത്ത് താത്കാലികമായി ജപ്തി ചെയ്തത്.