നിയന്ത്രണം വിട്ട പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചുകയറി മൂന്നുപേര്‍ മരിച്ചു
Saturday, June 22, 2024 1:53 AM IST
കൂടരഞ്ഞി: കുളിരാമുട്ടിയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ കടയിലേക്കു പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ മൂന്നു പേർ മരിച്ചു. ഇന്നലെ രാവിലെ ഒമ്പതരയോടെയാണു നാടിനെ നടുക്കിയ അപകടം നടന്നത്.
കടയുടെ സമീപത്ത് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന കുളിരാമുട്ടി സ്വദേശികളായ പുളിക്കുന്നത്ത് സുന്ദരൻ (62), കമുങ്ങുംതോട്ടത്തിൽ ജോൺ (65), പിക്കപ്പ് വാൻ ഉടമ തേക്കുംകുറ്റി സ്വദേശി മുഹമ്മദ് റാഫി (36) എന്നിവരാണു മരിച്ചത്. മൂന്നു പേരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
കൂടരഞ്ഞി കുളിരാമുട്ടിയിൽ പൂവാറൻതോടിൽനിന്നും ഇറക്കമിറങ്ങി വരികയായിരുന്ന പിക്കപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കടയും വാഹനവും സമീപത്തുള്ള ഇലക്ട്രിക് പോസ്റ്റും പൂർണമായും തകർന്നു. പരിക്കേറ്റ വാഹനത്തിന്റെ ഡ്രൈവർ തേക്കുംകുറ്റി സ്വദേശി ശിഹാബുദ്ദീൻ, വ്യാപാര സ്ഥാപന ഉടമ ജോമോൻ എന്നിവർ ചികിത്സയിലാണ്.
ജോൺ കവുങ്ങുംതോട്ടത്തിലിന്റെ ഭാര്യ: ലില്ലി കിഴക്കപ്പറമ്പിൽ(കൂടരഞ്ഞി). മക്കൾ: പ്രിയ (യുകെ), പ്രജീഷ് (ഇറ്റലി). സുന്ദരൻ പുളിക്കുന്നത്തിന്റെ ഭാര്യ: പ്രേമ. മക്കൾ: അമൃത, ആതിര.
മുഹമ്മദ് റാഫിയുടെ ഭാര്യ ശൈലത് ബാനു. മക്കൾ: ഹസ ഫാത്തിമ, ആശ്മി.