റിപ്പയറിംഗിനിടെ മുന്നോട്ടുനീങ്ങിയ ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ രക്ഷപ്പെടുത്തി
Saturday, June 22, 2024 1:53 AM IST
മട്ടന്നൂർ: റിപ്പയർ ചെയ്യുന്നതിനിടെ ടിപ്പർ ലോറി സ്റ്റാര്‍ട്ടായി മുന്നോട്ടു നീങ്ങി കാറിൽ ഇടിച്ചു. ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ വർക്ക്ഷോപ്പ് ജീവനക്കാരൻ രക്ഷപ്പെടുത്തി.
കഴിഞ്ഞ ദിവസം രാവിലെ പത്തോടെ ഉരുവച്ചാൽ കരേറ്റ എൽപി സ്കൂളിന് സമീപത്താണ് സംഭവം. ടയർ വർക്ക്ഷോപ്പിനു മുന്നിൽ നിർത്തിയിട്ട ടിപ്പർ ലോറി നന്നാക്കുന്നതിനിടെ അബദ്ധത്തിൽ സ്റ്റാർട്ടായി മുന്നോട്ടു നീങ്ങി റോഡരികിൽ നിർത്തിയിട്ട കാറിൽ ഇടിക്കുകയും ടയറിനു സമീപത്തുള്ള ലീഫ് സെറ്റിൽ കുടുങ്ങിയ ഡ്രൈവർ പരിക്കുകളോടെ തലനാരിഴയ്ക്ക് രക്ഷപ്പെടുത്തുകയായിരുന്നു.
ഡ്രൈവർ കരേറ്റയിലെ എം. ഷംനാദിനെ(41) കാലിനു പരിക്കുകളോടെ ഉരുവച്ചാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ചികിത്സയ്ക്കുശേഷം മട്ടന്നൂരിലെ ആശുപത്രിയിലേക്കു മാറ്റി. ലോറി മുന്നോട്ടുരുണ്ടപ്പോള് ലോറിയുടെ ബോഡിയിൽ തൂങ്ങിനിൽക്കുകയായിരുന്നു ഷംനാദ്. ലോറി നിർത്താനുള്ള ശ്രമം നടത്തിയെങ്കിലും കാറിലിടിച്ചു മുന്നോട്ടു നീങ്ങുകയായിരുന്നു.
സംഭവം കണ്ട് സമീപത്തുണ്ടായിരുന്ന ടയർ വർക്ക്ഷോപ്പിലെ ജീവനക്കാരൻ പ്രവീൺ ഓടി എത്തുകയും ഡ്രൈവറെ രക്ഷപ്പെടുത്തുകയായിരുന്നു.
കണ്ണൂർ വിമാനത്താവളത്തിലെ ജീവനക്കാരൻ രാജീവൻ ഓടിയെത്തി ലോറി നിയന്ത്രിച്ചതിനാൽ കൂടുതൽ ദുരന്തം ഒഴിവായി.