സിബി മാത്യൂസിനെതിരേ കേസെടുക്കേണ്ട
Saturday, June 22, 2024 1:52 AM IST
കൊച്ചി: മുന്‍ ഡിജിപി സിബി മാത്യൂസിനെതിരേ കേസെടുക്കേണ്ടെന്ന പോലീസ് റിപ്പോര്‍ട്ട് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിന് ഡിവിഷന് ബെഞ്ചിന്റെ സ്റ്റേ.
പ്രാഥമിക അന്വേഷണശേഷം പോലീസ് നല്കിയ റിപ്പോര്‍ട്ട് റദ്ദാക്കുകയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു കേസെടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്ത സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തു സിബി മാത്യൂസ് നല്കിയ അപ്പീല്‍ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് എ.ജെ. ദേശായി, ജസ്റ്റീസ് വി.ജി. അരുണ്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. കോടതി അപ്പീല്‍ ഹര്‍ജിയില്‍ സര്‍ക്കാരിന്റെയടക്കം എതിര്‍കക്ഷികളുടെ വിശദീകരണം തേടി.
അതേസമയം, സിംഗിള്‍ ബെഞ്ച് ഉത്തരവിനെത്തുടര്‍ന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ അറിയിച്ചു. ഇതിനെതിരേ നിയമനടപടി സ്വീകരിക്കാന്‍ ഹര്ജിക്കാരന് സ്വാതന്ത്ര്യമുണ്ടെന്നു കോടതി വ്യക്തമാക്കി.
സിബി മാത്യൂസ് രചിച്ച ‘നിര്‍ഭയം’ എന്ന പുസ്തകത്തിലെ ‘സൂര്യനെല്ലി’ അധ്യായത്തില്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പേരും വിലാസവും മറ്റുവിവരങ്ങളും നല്കിയിട്ടുള്ളതായി ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശി കെ.കെ. ജോഷ്വ നല്കിയ പരാതി പോലീസ് തള്ളിയതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.