കന്നുകാലികൾക്കുള്ള തീറ്റക്രമം: ബോധവത്കരണ കാന്പയിൻ ആരംഭിക്കുമെന്നു മന്ത്രി ചിഞ്ചുറാണി
Saturday, June 22, 2024 1:52 AM IST
തിരുവനന്തപുരം: കന്നുകാലി പരിചരണത്തിൽ ശാസ്ത്രീയ തീറ്റക്രമത്തിന്റെ പ്രാധാന്യവുമായി ബന്ധപ്പെട്ട് ക്ഷീരകർഷകർക്കിടയിൽ ബോധവത്കരണ കാന്പയിൻ ആരംഭിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. പ്രസ്ക്ലബ്ബിൽ സംഘടിപ്പിച്ച ചടങ്ങിൽ കേരള ഫീഡ്സ് ലിമിറ്റഡിന്റെ (കെഎഫ്എൽ) പോഷകസമൃദ്ധമായ മഹിമ കാലിത്തീറ്റ പുറത്തിറക്കി പ്രസംഗിക്കുകയായിരുന്നു മന്ത്രി.
തീറ്റക്രമത്തിലെ പാളിച്ചകൾ കാരണം കന്നുകാലികൾ ചത്തതിന്റെ പശ്ചാത്തലത്തിൽ വളർത്തു മൃഗങ്ങൾക്ക് നൽകുന്ന വിവിധതരം തീറ്റകളെ സംബന്ധിച്ച് നിയമസഭയിൽ പുതിയ നിയമം പാസാക്കിയിട്ടുണ്ട്. ഈ നിയമപ്രകാരം തീറ്റ കഴിച്ച് കന്നുകാലി ചത്താൽ കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഈ വർഷം കടുത്ത വേനലിൽ 450 പശുക്കളെ നഷ്ടപ്പെട്ട ക്ഷീരകർഷകർക്കും ചർമമുഴ ബാധിച്ച് 800 പശുക്കളെ നഷ്ടപ്പെട്ടവർക്കും സർക്കാർ സഹായം ലഭ്യമാക്കും. പശുക്കളെ വാങ്ങുന്നതിന് പലിശരഹിത വായ്പ നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.