ഭൂപതിവ് ചട്ട ഭേദഗതി ഉടൻ: മന്ത്രി കെ. രാജൻ
Saturday, June 22, 2024 1:52 AM IST
തൊടുപുഴ: ഭൂപതിവ് നിയമത്തിൽ ആവശ്യമായ മാറ്റം വരുത്തിയത് നിയമപരമായ സാധ്യതകൾ പരിഗണിച്ചാണെന്ന് മന്ത്രി കെ.രാജൻ. തൊടുപുഴയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇനി നിയമത്തിന് ഏറ്റവും വേഗത്തിൽ ചട്ടങ്ങൾ രൂപീകരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കും. പൊതു സമൂഹവും നിയമസഭാ സാമാജികരുമായി ആവശ്യമായ കൂടിയാലോചനകൾ നടത്തിയാകും ചട്ടം നിശ്ചയിക്കുന്നത്. ഇടുക്കിയിൽ മാത്രം പതിനായിരത്തോളം പട്ടയങ്ങൾ നൽകാനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്.
ഇക്കാര്യത്തിൽ കോടതിയിൽ നിന്ന് വ്യക്തത ലഭിച്ചാൽ പട്ടയം വിതരണം ചെയ്യും.ഏക്കർ കണക്കിന് സർക്കാർ ഭൂമി കൈയേറുന്നവരെ സംരക്ഷിക്കുന്ന ഉദ്യോഗസ്ഥരുണ്ടെങ്കിൽ അവരെ തിരുത്താനും ഭൂമി തിരികെ പിടിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.