ഒ.ആർ. കേളു പട്ടികജാതി-വർഗ വികസന മന്ത്രിയാകും
Friday, June 21, 2024 4:08 AM IST
തിരുവനന്തപുരം: മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണൻ എംപിയായി ജയിച്ച സാഹചര്യത്തിൽ മാനന്തവാടി എംഎൽഎ ഒ.ആർ.കേളു പകരം മന്ത്രിയാകും.
ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന കമ്മിറ്റിയുടേതാണു തീരുമാനം. കെ. രാധാകൃഷ്ണൻ വഹിച്ചിരുന്ന പട്ടികജാതി -പട്ടിക വർഗ വികസന വകുപ്പാണു കേളു കൈകാര്യം ചെയ്യുക.
അതേസമയം, രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ വിഭജിച്ചു മറ്റു മന്ത്രിമാർക്കുകൂടി നൽകുകയും ചെയ്യും. ദേവസ്വം വകുപ്പ് വി.എൻ. വാസവനും പാർലമെന്ററി കാര്യം എം.ബി. രാജേഷിനും നൽകാനാണു ധാരണ. ഇന്നലെ സംസ്ഥാന സമിതിക്കു മുന്പു ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണു കേളുവിനെ മന്ത്രിയാക്കാൻ തീരുമാനിച്ചത്.
ഒ.ആർ. കേളു സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്. നിലവിൽ പട്ടികജാതി-പട്ടികവർഗ പിന്നാക്ക ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിയുടെ ചെയർമാൻ കൂടിയാണ് അദ്ദേഹം.