നിലമ്പൂര്‍ വനത്തില്‍ ഒറ്റപ്പെട്ട ആദിവാസി കുടുംബങ്ങള്‍ക്ക് ബയോ ടോയ്ലറ്റുകള് ഒരുക്കണമെന്ന് ഹൈക്കോടതി
Friday, June 21, 2024 4:08 AM IST
കൊച്ചി: പ്രളയദുരിതത്തില്‍ നിലമ്പൂര്‍ വനത്തില്‍ ഒറ്റപ്പെട്ട 300 ആദിവാസി കുടുംബങ്ങള്‍ക്കു മതിയായ ബയോ ടോയ്ലറ്റുകള് ഒരുക്കി ജൂലൈ 17ന് മുമ്പായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു ഹൈക്കോടതി.
ചാലിയാര്‍ പുഴയുടെ കുറുകെയുണ്ടായിരുന്ന പാലം 2019ലെ പ്രളയത്തില്‍ തകര്‍ന്നതോടെ നിലമ്പൂര്‍ വനത്തില്‍ ഒറ്റപ്പെട്ടു കഴിയുന്ന ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ടു നല്കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് ആശിഷ് ജെ. ദേശായി, ജസ്റ്റീസ് വി.ജി. അരുണ്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
പ്രളയത്തില്‍ ചാലിയാര്‍ പുഴ കരകവിഞ്ഞൊഴുകി ഇരുട്ടുകുത്തി കടവിലെ പാലം ഒലിച്ചുപോയിരുന്നു. തുടര്‍ന്നാണ് മുണ്ടേരി ഉള്‍വനത്തില്‍ ഇരുട്ടുകുത്തി, വാണിയമ്പുഴ, കുമ്പളപ്പാറ, തരിപ്പപൊട്ടി കോളനിക്കാര്‍ ഒറ്റപ്പെട്ടത്. നിലമ്പൂര്‍ വനത്തില്‍ 300ഓളം ആദിവാസി കുടുംബങ്ങളാണ് ഒറ്റപ്പെട്ട നിലയില്‍ കഴിയുന്നത്.
മണ്‍സൂണ്‍ സമയത്ത് മൂന്നു മാസത്തോളം ഇവര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാനാകില്ല. കുട്ടികള്‍ക്ക് സ്കൂളില്‍ പോകാനാകാതെ പഠനവും മുടങ്ങുന്നു. മഴക്കാലത്ത് പുഴ നിറയുമ്പോള്‍ ചങ്ങാടം ഇറക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്.
സമാനമായ ദുരിതാവസ്ഥയാണ് വഴിക്കടവ് പഞ്ചായത്തിലെ ഉള്‍വനത്തിലെ പുഞ്ചകൊല്ലി, അളക്കല്‍ കോളനിവാസികള്ക്കുമുള്ളത്.