മുതലപ്പൊഴിയിൽ വീണ്ടും അപകടം: വള്ളം മറിഞ്ഞ് തൊഴിലാളി മരിച്ചു
Friday, June 21, 2024 3:21 AM IST
തിരുവനന്തപുരം: അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ വീണ്ടും അപകടം. മത്സ്യബന്ധന വള്ളം മറിഞ്ഞ് തൊഴിലാളി മരിച്ചു. മൂന്നുപേർ നീന്തിക്കയറി രക്ഷപ്പെട്ടു. അഞ്ചുതെങ്ങ് മാന്പള്ളി പുതുമണൽപുരയിടം വീട്ടിൽ വിക്ടർ (53) ആണ് മരിച്ചത്.
ഇന്നലെ പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരികയായിരുന്നു വിക്ടറും സംഘവും. ഇതിനിടെ പൊഴിമുഖത്ത് ശക്തമായ കടൽത്തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു.
വള്ളത്തിലുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികളായ യേശുദാസ്, സുരേഷ്, ഫ്രാൻസിസ് എന്നിവർ കടലിൽ വീണെങ്കിലും നീന്തിക്കയറി. വിക്ടറിനെ കോസ്റ്റൽ പോലീസും മറ്റ് മത്സ്യത്തൊഴിലാളികളും കരയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് മേൽനടപടി സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം വിക്ടറിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മുതലപ്പൊഴിയിൽ ഈ വർഷം മരണമടഞ്ഞവരുടെ എണ്ണം ഇതോടെ പതിമൂന്നായി. വിക്ടറിന്റെ ഭാര്യ: മേരി പുഷ്പം. മക്കൾ: ജീവ, ദിവ്യ, വിനീത്.