എരഞ്ഞോളിയിൽ ബോംബ് നിർമാണം വെളിപ്പെടുത്തിയ യുവതിക്ക് ഭീഷണി
Friday, June 21, 2024 3:21 AM IST
തലശേരി: എരഞ്ഞോളിയിൽ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ സിപിഎമ്മിനെതിരേ രംഗത്തെത്തിയ യുവതിക്കു ഭീഷണി. ബുധനാഴ്ച രാത്രി പാർട്ടി പ്രവർത്തകർ വീട്ടിലെത്തിയതായി സീന പറഞ്ഞു.
“മകളെ കാര്യം പറഞ്ഞ് മനസിലാക്കണമെന്ന് അമ്മയോട് പറഞ്ഞു. പ്രദേശത്തെ പഞ്ചായത്ത് മെംബർ ഉൾപ്പെടെയുള്ള സ്ത്രീകളാണു വന്നത്. മകളെ കാര്യം പറഞ്ഞ് മനസിലാക്കണമെന്ന് അവർ പറഞ്ഞു. അവൾ താൻ പറഞ്ഞാൽ കേൾക്കില്ലെന്നായിരുന്നു അമ്മയുടെ മറുപടി. സംഭവം പോലീസിനെ അറിയിച്ചിട്ടുണ്ട് ”- സീന പറഞ്ഞു.
എരഞ്ഞോളിയിൽ ബോംബ് പൊട്ടി വയോധികൻ മരിച്ചതിനു പിന്നാലെയാണ് അയൽവാസിയായ സീന, പ്രദേശത്ത് പതിവായി ബോംബ് നിര്‍മാണം നടക്കുന്നതായും പലതവണ പറമ്പുകളില്‍നിന്ന് ബോംബ് കണ്ടെടുത്തിട്ടുണ്ടെന്നും മാധ്യമങ്ങളോടു പറഞ്ഞത്.
യുവതിയുടെ പ്രതികരണത്തിനെതിരേ ഉടൻ തന്നെ സിപിഎം പ്രവർത്തകർ രംഗത്തുവന്നിരുന്നു. ഇതിനിടെയാണ് സിപിഎം പ്രവർത്തകർ വീട്ടിലെത്തി ഭീഷണിമുഴക്കിയതായി പരാതി ഉയർന്നത്.