യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം; കോഴിക്കോട്-ജിദ്ദ വിമാനം കണ്ണൂരിൽ ഇറക്കി
Friday, June 21, 2024 3:21 AM IST
മട്ടന്നൂർ: യാത്രക്കാരിയുടെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന്, പറന്നുയർന്ന വിമാനം തിരിച്ചിറക്കി. ബുധനാഴ്ച രാത്രി കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു സംഭവം.
കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലുണ്ടായിരുന്ന മലപ്പുറം സ്വദേശിനിയായ ഇരുപത്തെട്ടുകാരിക്കാണ് രാത്രി 9.45ന് വിമാനം പറന്നുയർന്നപ്പോൾ ദേഹാസ്വാസ്ഥ്യമുണ്ടായത്. തുടർന്ന് 11 .05ഓടെ കണ്ണൂർ വിമാനത്താവളത്തിൽ അടിയന്തരമായി വിമാനം ഇറക്കുകയായിരുന്നു.
വിമാനത്താവളത്തിൽ പ്രഥമ ശുശ്രൂഷ നൽകിയശേഷം യുവതിയെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
രക്തസമർദം കൂടിയതാണ് യുവതിക്കു ദേഹാസ്വാസ്ഥ്യമുണ്ടാക്കിയത്.