കാക്കനാട് ഡിഎല്‍എഫ് ഫ്ളാറ്റ് : സാമ്പിളുകളില്‍ കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം
Friday, June 21, 2024 3:21 AM IST
തിരുവനന്തപുരം: കൊച്ചി കാക്കനാട് ഡിഎല്‍എഫ് ഫ്ലാറ്റ് സമുച്ചയത്തില്‍നിന്നും ആരോഗ്യ വകുപ്പ് പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ ഫലം ലഭിച്ച മൂന്ന് സാമ്പിളുകളില്‍ കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
ഫ്ലാറ്റിലെ വിവിധ കുടിവെള്ള സ്രോതസുകളായ ഓവര്‍ഹെഡ് ടാങ്കുകള്‍, ബോര്‍വെല്ലുകള്‍, ഡൊമെസ്റ്റിക്ക് ടാപ്പുകള്‍, കിണറുകള്‍, ടാങ്കര്‍ ലോറികളില്‍ സപ്ലൈ ചെയ്യുന്ന വെള്ളം എന്നിവയില്‍നിന്നായി ഇതുവരെ 46 സാമ്പിളുകളാണ് പരിശോധനയ്ക്കയച്ചിട്ടുള്ളത്. ഇവയില്‍ 19 സാമ്പിളുകളിലെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതില്‍ പലതിലും ബാക്ടീരിയുടെ സാന്നിധ്യം കാണുന്നുണ്ട്. വിശദമായ പരിശോധനാ റിപ്പോര്‍ട്ട് ലഭ്യമാകാനുണ്ട്.
ഇത് സൂചിപ്പിക്കുന്നത് വെള്ളത്തിന്റെ ഗുണനിലവാരം മോശമെന്നാണ്. അതിനാല്‍തന്നെ ആരോഗ്യവകുപ്പിന്റെ മേല്‍നോട്ടത്തില്‍ സൂപ്പര്‍ ക്ലോറിനേഷന് നടത്തിവരുന്നു. ഇന്നലെ മുതല്‍ ആരോഗ്യ വകുപ്പ് വിവിധ ഫ്ലാറ്റുകളില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ നിശ്ചിത സാമ്പിളുകള്‍ രണ്ടുനേരം പരിശോധിച്ച് ക്ലോറിന്റെ അളവ് വിലയിരുത്തിവരുന്നതായും മന്ത്രി വ്യക്തമാക്കി.
ഡിഎല്‍എഫ് ഫ്ലാറ്റില്‍ വയറിളക്ക രോഗബാധയെ തുടര്‍ന്ന് കേരള പൊതുജനാരോഗ്യ നിയമം 2023, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരം കാക്കനാട് പൊതുജനാരോഗ്യ അധികാരിയായ മെഡിക്കല്‍ ഓഫീസര്‍ ഫ്ലാറ്റ് അസോസിയേഷന് നോട്ടീസ് നല്കി. 4,095 നിവാസികളാണ് 15 ടവറുകളിലായി ഫ്ലാറ്റില്‍ താമസിക്കുന്നത്.
നിലവില്‍ പകര്‍ച്ചവ്യാധിക്കിടയാക്കിയ കുടിവെള്ള വിതരണം പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് അംഗീകൃത സ്ഥാപനങ്ങളില്‍നിന്നും ശാസ്ത്രീയവും ആരോഗ്യകരവുമായ ശുദ്ധജല സംവിധാനം അടിയന്തരമായി ഏര്‍പ്പെടുത്തുന്നതിനും കൃത്യമായ കാലയളവില്‍ സൂപ്പര്‍ ക്ലോറിനേഷന്, അംഗീകൃത സര്‍ക്കാര്‍ ലാബില്‍നിന്നുമുള്ള പരിശോധനകള്‍ എന്നിവ നടത്തി രേഖകള്‍ സൂക്ഷിക്കാനും പരിശോധനാധികാരികള്‍ ആവശ്യപ്പെടുന്ന പക്ഷം ഹാജരാക്കുന്നതിനും നോട്ടീസില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൂടാതെ, ഫ്ലാറ്റുകളില്‍ കുടിവെള്ളം ലഭ്യമാക്കുന്ന എല്ലാ സ്രോതസുകളും ക്ലോറിനേഷന് നടത്തി ശുദ്ധി ഉറപ്പുവരുത്തി വിതരണം ചെയ്യുന്നതിനും ഫ്ലാറ്റില്‍നിന്നുള്ള മലിനജലം, ശുചിമുറി മാലിന്യങ്ങള്‍ എന്നിവ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനും നോട്ടീസ് മുഖേന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതുവരെ 492 പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായതായി സര്‍വേ വഴി കണ്ടെത്തിയിട്ടുണ്ട്. മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസിന് വിഭാഗത്തിന്റെ നിര്‍ദേശമനുസരിച്ച് പ്രത്യേക സര്‍വേയും ഇന്നലെ നടത്തി.