ചക്രവാതച്ചുഴി; മഴ കനക്കും
Wednesday, June 19, 2024 2:05 AM IST
തിരുവനന്തപുരം: വെള്ളിയാഴ്ചയോടെ സംസ്ഥാനത്ത് മഴ തീവ്രമാകും. വടക്കുകിഴക്കൻ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട രണ്ട് ചക്രവാതച്ചുഴികളാണ് മഴയ്ക്കു കരുത്തേകുക.
നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് മുതൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ വെള്ളി, ശനി ദിവസങ്ങളിലും കാസർഗോഡ് ജില്ലയിൽ ശനിയാഴ്ചയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്നും കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
വ്യാഴം മുതൽ ശനി വരെ കർണാടക തീരത്തും വെള്ളി, ശനി ദിവസങ്ങളിൽ കേരള തീരത്തും, ലക്ഷദ്വീപ് ഭാഗത്തും മത്സ്യബന്ധനത്തിനു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.