മന്ത്രിസ്ഥാനവും നിയമസഭാംഗത്വവും കെ. രാധാകൃഷ്ണൻ രാജിവച്ചു
Wednesday, June 19, 2024 1:31 AM IST
തിരുവനന്തപുരം: പട്ടിക ജാതി-വർഗ ക്ഷേമ-ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ രാജിവച്ചു. ആലത്തൂരിൽനിന്നുള്ള ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണു മന്ത്രിസ്ഥാനവും നിയമസഭാംഗത്വവും രാജിവച്ചത്.
സിപിഎം പ്രതിനിധിയായ ഇദ്ദേഹത്തിനു പകരമുള്ള മന്ത്രിയെ സിപിഎം സംസ്ഥാന സമിതിയോഗം നിർദേശിക്കും. ഇന്നലെ ഉച്ചകഴിഞ്ഞ് ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് കൈമാറി.
പേഴ്സണൽ സ്റ്റാഫ് അംഗത്തോടൊപ്പമാണു മുഖ്യമന്ത്രിയെ കണ്ടത്. ഗോത്രവർഗ കുടുംബ കേന്ദ്രങ്ങളെ കോളനികൾ എന്നു വിശേഷിപ്പിക്കുന്നത് ഒഴിവാക്കിക്കൊണ്ടാണ് കെ. രാധാകൃഷ്ണൻ അവസാന ഉത്തരവിറക്കിയത്.