ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥികളെ കേന്ദ്ര നേതൃത്വം തീരുമാനിക്കും: വി.ഡി. സതീശൻ
Wednesday, June 19, 2024 1:31 AM IST
ചാലക്കുടി: ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പുകളിലെ യുഡിഎഫ് സ്ഥാനാർഥികളെ കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. രാഹുൽ ഗാന്ധിയെ സ്വീകരിച്ചതുപോലെ പ്രിയങ്ക ഗാന്ധിയെയും വയനാടും കേരളവും സ്വീകരിക്കും.
ഫാസിസ്റ്റ്-വർഗീയ മുന്നണിക്കെതിരായ മുന്നണിപ്പോരാളിയാണ് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രിയങ്ക ആദ്യമായാണു മത്സരിക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി സ്വാഗതം ചെയ്യുന്നെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദി ഉൾപ്പെടെ രണ്ടിടത്തു മത്സരിച്ചിട്ടുണ്ട്. ഹിന്ദി ഹൃദയഭൂമിയിൽ മോദിയേക്കാൾ ഇരട്ടി വോട്ടിനാണു രാഹുൽ വിജയിച്ചത്. വയനാടുമായി പ്രിയങ്കയ്ക്ക് എന്തു ബന്ധമാണുള്ളതെന്നാണു മുൻകേന്ദ്രമന്ത്രി വി. മുരളീധരൻ ചോദിച്ചത്.
ഇന്ത്യയുടെ ഹൃദയത്തിൽ അലിഞ്ഞുചേരുന്ന ബന്ധമാണു നെഹ്റു കുടുംബത്തിനുള്ളത്. മുരളീധരൻ രാജ്യസഭാംഗമായ സംസ്ഥാനവുമായി എന്തു ബന്ധമാണുള്ളതെന്നും കേരളത്തിൽനിന്നു ജയിച്ചിട്ടല്ലല്ലോ വി. മുരളീധരൻ മന്ത്രിയായതെന്നും സതീശൻ ചോദിച്ചു.