സാമുവേല്‍ മാര്‍ തെയോഫിലോസ് ബിലീവേഴ്സ് സഭാധ്യക്ഷന്; സ്ഥാനാരോഹണം 22ന്
Wednesday, June 19, 2024 1:31 AM IST
തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേണ്‍ സഭയുടെ പുതിയ അധ്യക്ഷനായി ചെന്നൈ ആര്‍ച്ച് ഡയോസിസ് അധ്യക്ഷന്‍ സാമുവേൽ മാർ തെയോഫിലോസ് തെരഞ്ഞെടുക്കപ്പെട്ടു.
സഭാധ്യക്ഷനായിരുന്ന മാര്‍ അത്തനേഷ്യസ് യോഹാന്‍ പ്രഥമന്റെ പിൻഗാമിയായി സഭയുടെ എപ്പിസ്കോപ്പല്‍ സിനഡ് യോഗം ചേര്‍ന്നാണ് സാമുവേൽ മാർ തെയോഫിലോസിനെ തെരഞ്ഞെടുത്തത്. സ്ഥാനാരോഹണം 22ന് രാവിലെ എട്ടിന് സഭ ആസ്ഥാനമായ കുറ്റപ്പുഴ സെന്റ് തോമസ് കത്തീഡ്രലില്‍ നടക്കും.
എപ്പിസ്കോപ്പല്‍ സിനഡിന്റെ പുതിയ സെക്രട്ടറിയായി ജോഷ്വാ മാര്‍ ബര്‍ണബാസിനെയും തെരഞ്ഞെടുത്തു. കുറ്റപ്പുഴയിലെ ബിലീവേഴ്സ് ചര്‍ച്ച കണ്വന്ഷന് സെന്ററിനു മാര്‍ അത്തനേഷ്യസ് യോഹാന്‍ സ്മാരകം എന്നു നാമകരണം ചെയ്യാനും യോഗം തീരുമാനിച്ചു.
സഭയുടെ സീനിയര്‍ എപ്പിസ്കോപ്പ കൂടിയായ സാമുവേല്‍ മാര്‍ തെയോഫിലോസ് റാന്നി കീക്കൊഴൂര്‍ ഓറേത്ത് കൈതപ്പതാലില്‍ കുടുംബാംഗമാണ്. 1959 ഓഗസ്റ്റ് 27നാണ് ജനനം. സഭാധ്യക്ഷന്റെ താത്കാലിക ചുതമലയും നിര്‍വഹിച്ചുവരികയായിരുന്നു. പതിനേഴാമത്തെ വയസില്‍ മിഷനറി പ്രവര്‍ത്തനത്തിനിറങ്ങിയ അദ്ദേഹം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബിലീവേഴ്സ് ചര്‍ച്ച് സെമിനാരിയുടെ സ്ഥാപക പ്രിന്‍സിപ്പലായി പത്തുവര്‍ഷം സേവനം ചെയ്തു. 2004-2007 കാലയളവില്‍ സഭയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. മേജര്‍ സെമിനാരി പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചു. 1997ല്‍ വൈദികനും 2006ല്‍ എപ്പിസ്കോപ്പയുമായി. 2013-17 വര്‍ഷം സിനഡ് സെക്രട്ടറിയായിരുന്നു.