രാഹുലിനു നന്ദി; പ്രിയങ്കയ്ക്കു സ്വാഗതം: കെ. സുധാകരൻ
Wednesday, June 19, 2024 1:31 AM IST
തിരുവനന്തപുരം: എഐസിസി തീരുമാന പ്രകാരം വയനാട് ലോക്സഭാ മണ്ഡലം ഒഴിയുന്ന രാഹുൽ ഗാന്ധിക്കു നന്ദിയെന്നും അദ്ദേഹത്തിന് പകരമായി എഐസിസി നിയോഗിച്ച പ്രിയങ്ക ഗാന്ധിക്ക് കേരളത്തിലേക്ക് സ്വാഗതമെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി.
രാഹുലിനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച വയനാട് ജനത പ്രിയങ്ക ഗാന്ധിയെയും അത്രമേൽ ഭൂരിപക്ഷത്തോടെ ലോക്സഭയിലേക്ക് അയയ്ക്കും.
വയനാടിന് ഇനിയങ്ങോട്ട് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ കരുതലും സ്നേഹവുമാണ് ലഭിക്കാൻ പോകുന്നത്.
കേരളത്തിനുവേണ്ടി പാർലമെന്റിൽ ഇനി രണ്ടു ഗാന്ധിശബ്ദങ്ങൾ ഉയരുമെന്നും കെ. സുധാകരൻ പറഞ്ഞു.
രാഹുൽ ഗാന്ധി കേരളത്തിലെ കോണ്‍ഗ്രസിനും വയനാടിലെ ജനങ്ങൾക്കും നൽകിയ സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നു.
കഴിഞ്ഞ രണ്ടു ലോകസഭാ തെരഞ്ഞെടുപ്പുകളിൽ കോണ്‍ഗ്രസിനും യുഡിഎഫിനും തിളക്കമാർന്ന വിജയം നേടാൻ സാധിച്ചത് രാഹുൽ ഗാന്ധിയുടെ സാന്നിധ്യം കൊണ്ടാണെന്നു കെ. സുധാകരൻ കൂട്ടിച്ചേർത്തു.