കരുനാഗപ്പള്ളിയിൽ കഞ്ചാവ് വേട്ട
1493877
Thursday, January 9, 2025 6:36 AM IST
കൊല്ലം: കരുനാഗപ്പള്ളി വയനകം ഭാഗത്ത് നടത്തിയ സംയുക്ത പരിശോധനയിൽ 10.086 കിലോഗ്രാം കഞ്ചാവുമായി നാലുപേർ പിടിയിൽ. കരുനാഗപ്പള്ളി വയനകം ഞക്കനാൽ മുറിയിൽ മുരളിക വീട്ടിൽ രാജേഷ്കുമാർ (41 ), ഒഡീഷ സ്വദേശികളായ ബറീഡ രാംബാബു (27 ), സുശാന്ത് കുമാർ (22 ), രാജേഷ്കുമാർ പോലായി എന്നിവരാണ് അറസ്റ്റിലായത്.
ഒഡീഷ സ്വദേശികളായ മൂന്ന് പേരും ജില്ലയിലെ പ്രധാന മൊത്ത വില്പനക്കാരനുമാണ് പിടിയിലായത്. അന്തർ സംസ്ഥാന കഞ്ചാവ് വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളാണ് പ്രതികൾ. ഒഡീഷയിലെ മാവോയിസ്റ്റ് മേഖലയിൽ നിന്ന് കുറഞ്ഞ വിലയ്ക്കു വാങ്ങുന്ന കഞ്ചാവാണ് കേരളത്തിൽ വില്പന നടത്തുന്നത്.
എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക്ക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷിജുവിന്റെ നേതൃത്വത്തിൽ സ്പെഷൽ സ്ക്വാഡും എക്സൈസ് ഇന്റലിജൻസ് വിഭാഗവുമാണ് പരിശോധന നടത്തിയത്.
എക്സൈസ് ഇൻസ്പെക്ടർ ദിലീപ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രേം നസീർ, ഇന്റലിജൻസ് വിഭാഗം പ്രിവന്റീവ് ഓഫീസർ മനു, സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്, അനീഷ്, ജൂലിയൻ ക്രൂസ് എന്നിവർ പങ്കെടുത്തു.