വിദ്യാഭ്യാസത്തില്‍ കേരളം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മുന്നിൽ: മന്ത്രി ജെ. ചിഞ്ചു റാണി
1493486
Wednesday, January 8, 2025 6:21 AM IST
ചവറ: വിദ്യാഭ്യാസ കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ കേരളം ഒന്നാമതാണെന്ന് തെളിയിച്ചതായി മന്ത്രി ജെ. ചിഞ്ചു റാണി.
ചവറ കൊറ്റന്‍കുളങ്ങര വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സുവര്‍ണ ജുബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവര്‍. ഇടതു സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത് വിദ്യാഭ്യാസ കാര്യത്തിലാണ്. മിക്കവാറും സ്കൂളുകളും ആധുനിക സൗകര്യങ്ങള്‍ ഒരുക്കി ഹൈടെക് സ്കൂളുകളായി മാറിക്കഴിഞ്ഞത് കേരളത്തിന് അഭിമാനിക്കാവുന്ന കാര്യമാണ്.
പഠന പാഠ്യതേര വിഷയങ്ങളില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ കാണിക്കുന്ന മിന്നും പ്രകടനം അത്ഭുതാവഹമായ ഉയര്‍ച്ചയെ ആണ് കാണിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
സുജിത് വിജയന്‍പിള്ള എംഎല്‍എ അധ്യക്ഷനായി. ചവറ ബ്ലോക്ക് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, ജില്ലാ പഞ്ചായത്തംഗം സി.പി. സുധീഷ് കുമാര്‍, ചവറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഐ. ജയലക്ഷ്മി, പി.ടിഎ പ്രസിഡന്റ് ജി. ഉണ്ണിക്കൃഷ്ണന്, എസ്. പ്രസന്ന കുമാര്‍, പ്രഥമാധ്യാപകരായ എസ്. മായാദേവി, ബി. ബിനു, പി. രജിമോള്, ശൈലേഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു .
ചടങ്ങിനോടനുബന്ധിച്ച് ചവറ ബസ് സ്റ്റാന്‍ഡില്‍ നിന്ന് സാംസ്കാരിക ഷോഷയാത്രയും പൂര്‍വ വിദ്യാര്‍ഥികളുടെ നൃത്ത സന്ധ്യയും നടന്നു.
ഇന്ന് രാവിലെ 9.30 ന് പൂര്‍വ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സംഗമവും ഗുരുവന്ദനവും എന്‍.കെ. പ്രേമചന്ദ്രന് എംപി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 1.30 ന് ഗാനമേള. വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം സുജിത് വിജയന്‍പിള്ള എംഎല്‍എ ഉദ്ഘാടനം ചെയ്യും.
കവി ഏഴാച്ചേരി രാമചന്ദ്രന് മുഖ്യ പ്രഭാഷണം നടത്തും. ജുബിലി ആഘോഷത്തോടനുബന്ധിച്ച് നടത്തിയ മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണം ചവറ പഞ്ചായത്ത് പ്രസിഡന്റ് ജെ.ആര്. സുരേഷ് കുമാര്‍ നിര്‍വഹിക്കും.