കടയുടമയെ മർദിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ
1493009
Monday, January 6, 2025 6:16 AM IST
ചവറ: കടയുടമയെ മർദിച്ച് പരിക്കേല്പിച്ച പ്രതി പോലീസിന്റെ പിടിയിലായി. തേവലക്കര പടിഞ്ഞാറ്റക്കര കണ്ണങ്കര കിഴക്ക് സനീർ(41) ആണ് ചവറ പോലീസിന്റെ പിടിയിലായത്. ഒന്നിന് രാത്രി ഒന്പതോടെ മനയിൽ സ്കൂളിന് സമീപം തേവലക്കര സ്വദേശി ശിവാനന്ദൻ നടത്തി വരുന്ന കഞ്ഞിക്കടയിലെത്തിയ പ്രതി ജഗിൽ വച്ചിരുന്ന വെള്ളം ഗ്ലാസ് ഉപയോഗിക്കാതെ വായ മുട്ടിച്ച് കുടിക്കുകയും ഇത് ശിവാനന്ദൻ എതിർക്കുകയും ചെയ്തു.
ഈ വിരോധത്തെ തുടർന്ന് പ്രകോപിതനായ പ്രതി ശിവാനന്ദനെ അസഭ്യം വിളിച്ച് തള്ളി താഴെയിടുകയും വിറക് കഷ്ണം ഉപയോഗിച്ച് മർദിക്കുകയുമായിരുന്നു.
തടയാൻ ശ്രമിച്ച ശിവാനന്ദന്റെ ഭാര്യയേയും അസഭ്യം വിളിച്ച് തള്ളി താഴെയിട്ട് ചവിട്ടി പരിക്കേല്പിച്ചു. ചവറ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത ശേഷം പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ചവറ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ സനീർ. ചവറ പോലീസ് ഇൻസ്പെക്ടർ കെ.ആർ. ബിജുവിന്റെയും എസ്ഐ അനീഷ് കുമാറിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.