പഞ്ചായത്ത് സെക്രട്ടറിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി
1493012
Monday, January 6, 2025 6:16 AM IST
പാരിപ്പള്ളി: നോട്ടീസ് പതിക്കാൻ എത്തിയ കല്ലുവാതുക്കൽ പഞ്ചായത്ത് സെക്രട്ടറിയെ പൊതുവഴി കൈയേറിയ വസ്തു ഉടമസ്ഥൻ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി പോലീസിന് പരാതി.
പൊതുവഴി കൈയേറി മതിൽ നിർമിച്ചതിനെതിരെ നോട്ടീസ് നൽകാൻ എത്തിയതായിരുന്നു പഞ്ചായത്ത് സെക്രട്ടറി. പഞ്ചായത്ത് സെക്രട്ടറിക്കു നേരെ കോട്ടയ്ക്കേറം വാർഡിലാണ് കൈയേറ്റം ഉണ്ടായത്.
പഞ്ചായത്ത് അധികൃതർ പതിച്ച നോട്ടീസ് പോലീസ് നോക്കിനിൽക്കുമ്പോൾ കീറിനശിപ്പിക്കുകയും ചെയ്തു. കല്ലുവാതുക്കൽ പഞ്ചായത്തിന്റെ ആസ്തിയിലുള്ള നേതാജി ജംഗ്ഷൻ മുതൽ ചുള്ളൂർകോണം വരെയുള്ള വയൽവാരം റോഡ് കഴിഞ്ഞ ദിവസം രാത്രി കൈയേറി മതിൽ നിർമിച്ചു.
ഇതിനെതിരെ നോട്ടീസ് നൽകാൻ കഴിഞ്ഞ ദിവസം പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എൽ.എസ്. അജിത്ത്, ക്ലാർക്ക് എസ്. അബ്ദുൽ ലത്തീഫ് എന്നിവർ എത്തി. നോട്ടീസ് കൈപ്പറ്റാൻ ആവശ്യപ്പെട്ടിട്ടും കൈയേറിയ ആൾ തയാറായില്ല. തുടർന്ന് ഉച്ചയോടെ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ അധികൃതർ എത്തി കൈയേറ്റക്കാരുടെ വീടിന്റെ തൂണിൽ നോട്ടീസ് പതിക്കാൻ ശ്രമിച്ചപ്പോൾ അസഭ്യം വിളിച്ചു മർദിക്കാൻ ശ്രമിച്ചു.
പഞ്ചായത്ത് അധികൃതർ പാരിപ്പള്ളി പൊലീസിന്റെ സംരക്ഷണം തേടി. പോലീസിന്റെ സാന്നിധ്യത്തിൽ നോട്ടീസ് പതിച്ചു. പോലീസ് നോക്കിനിൽക്കെ നോട്ടീസ് വലിച്ചു കീറി ഇവർ തറയിലിട്ട് ചവിട്ടി. ജോലി തടസപ്പെടുത്തി കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി കാട്ടി സെക്രട്ടറി പാരിപ്പള്ളി പോലീസിൽ പരാതി നൽകി.