ജനവാസ മേഖലയിൽ തള്ളാനെത്തിച്ച മാലിന്യം നാട്ടുകാർ പിടികൂടി
1493018
Monday, January 6, 2025 6:20 AM IST
കൊട്ടിയം: ജനവാസ മേഖലയിൽ തള്ളാൻ ലോറികളിൽ കൊണ്ടു വന്ന മാലിന്യം നാട്ടുകാർ പിടികൂടി. വസ്തു ഉടമ മുനീർ (52), മാലിന്യം കൊണ്ടു വന്ന ഏജന്റ് അലി അക്ബർ, ഡ്രൈവർമാരായ നന്ദു (26), ബിൻസി (31) എന്നീ നാല് പേർക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി രണ്ടുലോറികളിൽ കൊണ്ടു വന്ന മാലിന്യം പുരയിടത്തിലേയ്ക്ക് ഇടാൻ ശ്രമിക്കുമ്പോഴാണ് നാട്ടുകാർ എത്തി തടഞ്ഞത്. ഡ്രൈവർമാർ ലോറികൾ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു.
നെടുമ്പന പഞ്ചായത്തിലെ വട്ടവിള വാളാമൂഴി കോളനിക്ക് സമീപം പള്ളിമൺ ആറിനോട് ചേർന്നുള്ള പുരയിടത്തിലാണ് മാലിന്യം എത്തിച്ചത്. ഇഷ്ടിക കമ്പനിക്കും കോളനിക്കും സമീപത്തുള്ള പറമ്പിലെ കുഴിയിൽ തള്ളാൻ എത്തിച്ച ചാക്കിൽ കെട്ടിയ പച്ചക്കറി മാലിന്യവും ആഹാര അവശിഷ്ടങ്ങളും ശുചി മുറി മാലിന്യവുമാണ് നാട്ടുകാർ തടഞ്ഞത്.
ഡ്രൈവർമാരും മറ്റു രണ്ടു പേരും വാഹനം ഉപേക്ഷിച്ച് കടന്നു. ഒളിവിൽ പോയവർ രാത്രി സമയത്ത് തിരിച്ചെത്തി വാഹനം കൊണ്ടുപോകുമെന്ന സംശയത്താൽ നാട്ടുകാർ ലോറികളുടെ ടയറുകളിലെ കാറ്റ് ഊരി വിട്ടു.
കൊല്ലത്ത് ഒരു പന്നി ഫാമിലേക്കു കൊണ്ടുവന്ന പച്ചക്കറി മാലിന്യം പുഴു ആയി തുടങ്ങിയതോടെയാണ് വാളംമുഴിയിലേക്കു കൊണ്ടുവന്നത്. ഇതേ ലോറിയിൽ ഹോട്ടൽ മാലിന്യവും ഉണ്ടായിരുന്നു. രണ്ടാമത്തെ വാഹനത്തിൽ ശുചിമുറി മാലിന്യമായിരുന്നു. വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു.