വ്യാജ മദ്യ നിര്‍മാണത്തിനെതിരേ നടപടി ആവശ്യപ്പെട്ട് വയോധിക അദാലത്തില്‍
1493489
Wednesday, January 8, 2025 6:21 AM IST
കൊല്ലം: അയല്‍വാസിയുടെ വീട്ടില്‍ വ്യാജ മദ്യ നിര്‍മാണം നടക്കുന്നതായും നിരന്തരം ഉപദ്രവിക്കുന്നതായും ആരോപിച്ച് വയോധിക അദാലത്തില്‍. ക്ലാപ്പന കോട്ടക്കപുറം മുണ്ടകത്തില്‍ തേക്കതില്‍ സുഗതമ്മയാണ് കരുനാഗപ്പള്ളി താലൂക്ക് അദാലത്തില്‍ പരാതിയുമായെത്തിയത്. അയല്‍ വീട്ടില്‍ വര്‍ഷങ്ങളായി മദ്യനിര്‍മാണം നടക്കുന്നുണ്ടെന്നും രാത്രി ഉച്ചത്തിലുള്ള ബഹളം കാരണം ഉറങ്ങാനാവുന്നില്ലെന്നും പരാതിയില്‍ പറയുന്നു.
തങ്ങളുടെ വീട്ടുമുറ്റത്തും വഴിയിലുമെല്ലാം മത്സ്യ മാലിന്യം തള്ളുകയാണ്. വീട്ടുടമയും കൂട്ടാളികളും ചേര്‍ന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് പരാതി നല്‍കാതിരുന്നത്. ഇവരുടെ ഉപദ്രവം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
പരാതി കേട്ട മന്ത്രി ജെ. ചിഞ്ചുറാണി ഉടന്‍ നടപടിയെടുക്കാന്‍ കരുനാഗപ്പള്ളി എക്സൈസ് ഇന്‍സ്പെക്ടറെ ചുമതലപ്പെടുത്തി.