അഞ്ചല്‍ കൂട്ടകൊലക്കേസ് : കണ്ട കാഴ്ചകൾ വിവരിച്ച് ആദ്യം വീട്ടിലെത്തിയ അയല്‍വാസി
1493006
Monday, January 6, 2025 6:16 AM IST
പി. സനിൽ കുമാർ
അഞ്ചല്‍: കണ്ണില്‍ കണ്ട കാഴ്ചകള്‍ ജീവിതത്തില്‍ ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്തതും എന്നാല്‍ മറക്കാന്‍ കഴിയാത്തതുമെന്ന് അഞ്ചല്‍ കൂട്ടകൊലക്കേസില്‍ ആദ്യം വീട്ടിലെത്തിയ അയല്‍വാസിയായ ഏറം സ്വദേശി ടി.പി. രാജു പറഞ്ഞു.
അലയമണ്‍ രജനി വിലാസത്തില്‍ രഞ്ജിനി, ഇവരുടെ 17 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞുങ്ങള്‍ എന്നിവരെ കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ചാണ് വിവരിച്ചത്. രഞ്ജിനിയുടെ അമ്മ ശാന്തമ്മയുടെ നിലവിളി കേട്ട് ആദ്യം ഓടിയെത്തിയത് രാജുവായിരുന്നു.
കസേരയില്‍ ഇരുന്ന് പിന്നിലേക്ക് മറിഞ്ഞ നിലയില്‍ ചോരയില്‍ കുളിച്ച രഞ്ജിനിയെയും അടുത്ത മുറിയില്‍ ചോരയില്‍ മുങ്ങിയ നിലയില്‍ പിഞ്ചു കുഞ്ഞുങ്ങളേയും കണ്ടത് 18 വര്‍ഷം കഴിയുമ്പോഴും രാജു ഓര്‍ക്കുന്നു.
അന്പരന്നു പോയതിനാൽ മുറ്റത്തേക്കിറങ്ങി. അതുവഴി പോയ നാട്ടുകാരെയും അയല്‍വാസികളെയും അറിയിച്ചു. കൊലപാതകം നടന്ന വാടക വീടിന്റെ ഉടമയേയും വിവരം അറിയിച്ചു. അപ്പോഴേക്കും നാട്ടുകാര്‍ ഉള്‍പ്പടെ തടിച്ചു കൂടിയെന്നും രാജു ഓര്‍ത്തെടുത്ത് പറയുന്നു.
കഴിഞ്ഞ ദിവസം അഞ്ചല്‍ കൂട്ടകൊലക്കേസില്‍ ഒളിവിലായിരുന്ന അലയമണ്‍ സ്വദേശി ദിവില്‍ കുമാര്‍, കണ്ണൂര്‍ സ്വദേശി രാജേഷ് എന്നിവരെ പിടികൂടിയെന്ന വാര്‍ത്ത പുറത്തുവന്നതോടെ കൊലപാതകത്തോടെ ആള് താമസമില്ലാതെ കിടന്ന ഏറത്തെ വീട്ടില്‍ മാധ്യമങ്ങളുടെയും നാട്ടുകാരുടെയും വലിയ കൂട്ടമായിരുന്നു കണ്ടത്.
മരിക്കുന്നതിന് മുമ്പ് പ്രതി ദിവില്കുമാറിനെതിരെ രഞ്ജിനിക്കു നിയമ നടപടി ആരംഭിക്കാന്‍ ആവശ്യമായ സഹായംചെയ്ത പൊതുപ്രവര്ത്തകന് തോയിത്തല മോഹനന്, അന്നത്തെ വാര്‍ഡ് അംഗം ഏറം സന്തോഷ് എന്നിവരും ഞെട്ടലോടെ അന്നത്തെ ക്രൂരകൃത്യം വിവരിച്ചു.
നാടും നാട്ടുകാരുമൊക്കെ മറന്നു തുടങ്ങിയ പുതുതലമുറയ്ക്ക് കാര്യമായി അറിവില്ലാത്ത കേസില്‍ പ്രതികള്‍ പിടിയിലായതിന്റെ ആശ്വാസത്തിലാണ് അഞ്ചല്‍ ഗ്രാമം.
മുന്‍ സൈനികരായിരുന്ന പ്രതികള്‍ ഒരിക്കലും പിടിയിലാകില്ല എന്ന വിശ്വാസത്തില്‍ വിവാഹം കഴിച്ച് കുടുംബസമേതം പോണ്ടിച്ചേരിയില്‍ കഴിഞ്ഞു വരവേ സിബിഐ ചെന്നൈ യൂണിറ്റ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികളെ കുറിച്ചുള്ള നിര്‍ണായക വിവരം സിബിഐയ്ക്കു കൈമാറിയത് കേരള പോലീസ് ഇന്റലിജന്‍സ് വിഭാഗമായിരുന്നു.