ബില്ലടച്ചിട്ടും ഒന്നര വര്‍ഷമായി വെള്ളമില്ല; പണം തിരിച്ചുനല്‍കാൻ നിര്‍ദേശിച്ച് മന്ത്രി
1493494
Wednesday, January 8, 2025 6:27 AM IST
പത്തനാപുരം: കൃത്യമായി ബില്ലടച്ചിട്ടും വാട്ടര്‍ അഥോറിറ്റിയുടെ കുടിവെള്ള കണക്ഷനില്‍ നിന്ന് ഒന്നര വര്‍ഷമായി വെള്ളം ലഭിക്കുന്നില്ലെന്ന പരാതിയുമായി വീട്ടമ്മ അദാലത്തില്‍. പട്ടാഴി വില്ലേജിലെ കാരിക്കുന്നില് വീട്ടില്‍ ഉണ്ണികൃഷ്ണന് നായരുടെ ഭാര്യ ഒ. മിനിയാണ് 'കരുതലും കൈത്താങ്ങും' പത്തനാപുരം താലൂക്ക്തല അദാലത്തില്‍ പരാതിയുമായെത്തിയത്.
താമസിക്കുന്ന സ്ഥലത്ത് പാറയാണെന്നും വീട്ടില്‍ കിണര്‍ ഇല്ലാത്തതിനാല്‍ അയല്‍ വീടുകളില്‍ നിന്നാണ് വെള്ളം ശേഖരിക്കുന്നതെന്നും പറഞ്ഞു. മാസം 147 രൂപയുടെ ബില്ല് ലഭിക്കുന്നതായും പരാതി നല്‍കിയിട്ടും പരിഹാരമില്ലെന്നും മന്ത്രി ജെ. ചിഞ്ചുറാണിയെ അറിയിച്ചു.
പരാതി പരിശോധിക്കാന്‍ വാട്ടര്‍ അഥോറിറ്റി കൊട്ടാരക്കര എക്സിക്യൂട്ടീവ് എന്‍ജിനീയറെ ചുമതലപ്പെടുത്തിയ മന്ത്രി, ഈടാക്കിയ ബില്‍തുക തിരികെ നല്കാൻ നിര്‍ദേശിച്ചു.