ചപ്പുചവറിൽ നിന്ന് മരത്തിന് തീപിടിച്ചു : അന്തര്‍സംസ്ഥാന പാതയില്‍ ഗതാഗതം തടസപ്പെട്ടു
1493005
Monday, January 6, 2025 6:16 AM IST
കുളത്തൂപ്പുഴ: അന്തര്‍സംസ്ഥാന പാതയോരത്തെ കരിയിലകള്‍ കൂട്ടിയിട്ട് തീയിട്ടതിനെ തുടര്‍ന്ന് വള്ളിപ്പടര്‍പ്പിലൂടെ പടര്‍ന്ന തീ വന്മരത്തിന് മുകളിലേക്ക് കത്തിപ്പിടിച്ചു. തിരുവനന്തപുരം -ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയില്‍ മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞ ദിവസം കുളത്തൂപ്പുഴ - തെന്മല പാതയില്‍ അയ്യന്‍പിള്ള വളവ് അമ്മന്‍കോവില്‍ ക്ഷേത്രത്തിനു സമീപം നിന്നിരുന്ന വന്‍ ചീനിമരത്തിലാണ് തീ പടര്‍ന്നത്.
രാത്രി എട്ടോടെ വൈദ്യുതി ലൈനുകള്‍ക്ക് പത്തടിയോളം മുകളിലായി ഉയര്‍ന്നു നില്ക്കുന്ന മരത്തില്‍ തീ പടര്‍ന്നു പിടിക്കുന്നത് സമീപ വാസികളുടെ ശ്രദ്ധയില്‍പെട്ടത്.
നാട്ടുകാർ കുളത്തൂപ്പുഴ പോലീസിലും അഗ്നിരക്ഷാ വിഭാഗത്തെയും വിവരമറിയിച്ചു. ഇതിനിടെ ശക്തമായി കാറ്റു വീശിയതോടെ മരത്തിന്റെ ശിഖരങ്ങളിലേക്കും തീ പടരുന്നതിനിടയാക്കി. മരത്തിനു മുകളിലേക്ക് തീ പടര്‍ന്നതോടെ നാട്ടുകാര്‍ ഇടപെട്ട് പാതയില്‍ വാഹനങ്ങളെ നിയന്ത്രിക്കുകയും ചെയ്തു.
കടക്കല്‍, പുനലൂര്‍ എന്നിവിടങ്ങിളില്‍ നിന്നുമെത്തിയ അഗ്നിരക്ഷാ സംഘം ഏറെ നേരം നീണ്ട പരിശ്രമത്തിനൊടുവില്‍ തീ അണയ്ക്കുകയും പാതയിലെ ഗതാഗതം പുനഃ സ്ഥാപിക്കുകയും ചെയ്തു. ശബരിമല തീർഥാടകർ അടക്കമുള്ള യാത്രികര്‍ വഴിയില്‍ കുടുങ്ങി.
നിലവില്‍ ചുവടു ദ്രവിച്ചു നില്ക്കുന്ന മരം സമീപവാസികള്‍ക്കും വഴിയാത്രക്കാര്‍ക്കും ഭീഷണിയാണെന്നും അടിയന്തരമായി മരം മുറിച്ചു മാറ്റുന്നതിനുളള നടപടികള്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.