ഓട്ടോ സ്റ്റാൻഡുകളിൽ മിന്നൽ പരിശോധന; മദ്യലഹരിയിൽ ഓടിയത് 10 വാഹനങ്ങൾ
1493485
Wednesday, January 8, 2025 6:21 AM IST
കൊല്ലം: സിറ്റി പോലീസ് പരിധിയിൽ ഓട്ടോ സ്റ്റാന്‍ഡുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഡ്രൈവർമാർ മദ്യലഹരിയിൽ ഓടിച്ച 10 വാഹനങ്ങൾക്കെതിരേ നടപടി സ്വീകരിച്ചു.
884 ഓട്ടോകൾ പരിശോധയ്ക്ക് വിധേയമാക്കി. 10 ഡ്രൈവർമാർക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനും മൂന്നുപേർക്കെതിരെ ലൈസൻസ് ഇല്ലാതെ സർവീസ് നടത്തിയതിനും കേസെടുത്തു. യൂണിഫോം ഉപയോഗിക്കാത്തതിന് 41 പേർക്കെതിരെ പിഴ ചുമത്തി.
ഇൻഷ്വറൻസ് ഇല്ലാതെ ഓടിയ 13 ഡ്രൈവർമാർക്കെതിരെയും ഫിറ്റ്നസ് ഇല്ലാത്ത വാഹനം ഉപയോഗിച്ചതിന് ഒരാൾക്കെതിരെയും കേസെടുത്തു. ജില്ലയിലെ 60 ഓളം ഓട്ടോ സ്റ്റാൻഡുകളിൽ സ്റ്റേഷൻ പട്രോളിംഗ് വാഹനങ്ങളും കണ്‍ട്രോൾറൂം വാഹനങ്ങളും പരിശോധന നടത്തി. 15 ഇൻസ്പെക്ടർമാരും 40 എസ്ഐ മാരുമടക്കം 150 ഓളം പോലീസുകാർ പരിശോധനയിൽ പങ്കെടുത്തു.
മദ്യപിച്ച് വാഹനം ഓടിച്ച ഡ്രൈവർമാരുടെ ലൈസൻസ് സസ്പെന്റ് ചെയ്യുമെന്നും പൊതുജനങ്ങളുടെ സുരക്ഷിത യാത്ര ഉറപ്പ് വരുത്താനായി തുടർന്നും അപ്രതീക്ഷിത പരിശോധനകൾ തുടരുമെന്നും നിയമ ലംഘനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. പൊതുജനങ്ങളുടെ സുരക്ഷിതമായ യാത്ര ഉറപ്പ് വരുത്താനാണ് പരിശോധന നടത്തിയത്.