കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന കൺവൻഷൻ ഇന്ന്
1493014
Monday, January 6, 2025 6:16 AM IST
കൊല്ലം: ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന കൺവൻഷൻ ഇന്ന് കൊല്ലം ജില്ലാ പഞ്ചായത്ത് ജയൻ മെമ്മോറിയൽ ഹാളിൽ നടക്കും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കുന്ന കൺവൻഷൻ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. എംഎൽഎമാരായ എം. നൗഷാദ്, സി.ആർ. മഹേഷ് എന്നിവർ മുഖ്യാതിഥികളായിരിക്കും.
കൺവൻഷനിൽ നിർമാണ മേഖല നേരിടുന്ന പ്രതിസന്ധികളടക്കം ചർച്ച ചെയ്യും. വയനാട് ദുരന്തത്തിൽ ഓൾ കേരള ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി 10 വീടുകൾ നിർമിച്ചു നൽകാമെന്ന് സർക്കാരിനോട് സമ്മതിച്ചതാണ്.
എന്നാൽ മുഖ്യമന്ത്രിയുടെ യോഗത്തിൽ എല്ലാ ഫണ്ടുകളും സ്വരൂപിച്ച് വീട് നിർമിക്കുന്നതിനുള്ള അധികാരം ഊരാളുങ്കൽ സൊസൈറ്റിയെ ഏല്പിക്കാനുള്ള തീരുമാനമാണ് കൈക്കൊണ്ടത്.
ഊരാളുങ്കൽ സൊസൈറ്റി 1200 ചതുരശ്രയടി വിസ്തീർണമുള്ള ഒരു വീട് നിർമി ക്കുന്നതിന് 30 ലക്ഷം രൂപയാണ് കോൺട്രാക്ട്.
എന്നാൽ കരാറുകാരായ ഞങ്ങൾ ചെയ്യുമ്പോൾ 1200 ചതുരശ്രയടി വിസ്തീർണമുള്ള വീടൊന്നിന് 2040000 രൂപയാണ് ചെലവു വരുന്നത്. ഈ വയനാടു ദുരന്തത്തിലും സർക്കാർ ഊരാളുങ്കൽ സൊസൈറ്റിയെ വഴിവിട്ടു സഹായിക്കുന്ന നടപടി ചർച്ചചെയ്യും.
തദ്ദേശ സ്വയംഭരണ വിഭാഗത്തിൽ നടപ്പാക്കിയ ബിഡിഎസ് ഒഴിവാക്കി കരാറുകാർക്ക് നേരിട്ട് പണംസമയബന്ധിതമായി നൽകുക, കേസുകളിലും തർക്കങ്ങളിലും അന്വേഷണങ്ങളിലും പെട്ട് കിടക്കുന്ന പ്രവൃത്തികൾക്കായി കരാറുകാരുടെ പ്രതിനിധികളെക്കൂടി ഉൾപ്പെടുത്തി അദാലത്തുകൾ സംഘടിപ്പിക്കുക, കരാറുകാർ പണം മുടക്കി വാങ്ങുന്ന ടാറിന്റ കാലിബാരലിന് കരാറുകാരന്റെ ബില്ലിൽ നിന്ന് പണം പിടിക്കുന്നത് ഒഴിവാക്കുക,
എംഎൽഎ എഡിഎസ്, സിഎംഎൽആർആർപി പണികളുടെ ബില്ലുകൾ സമയബന്ധിതമായി നൽകുക, ചെറുകിട കരാറുകാരെ സഹായിക്കാനായി അഞ്ച് ലക്ഷത്തിൽ താഴെയുള്ള നിർമാണം ഇ ടെണ്ടറിൽ നിന്ന് ഒഴിവാക്കുക, കേരളത്തിന്റെ വികസനത്തിന് ഏറ്റവും കൂടുതൽ സംഭാവന ചെയ്യുന്ന സർക്കാർ കരാറുകാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രിയ്ക്കും ബന്ധപ്പെട്ടമന്ത്രിമാർക്കും പലതവണ നിവേദനം സമർപ്പിച്ചിട്ടും യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല.
ഇന്ന് നടക്കുന്ന സംസ്ഥാന കൺവൻഷനിൽ സർക്കാരിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകാൻ തീരുമാനമെടുക്കുമെന്ന് ഓൾ കേരള ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ ജി. തൃദീപ്, സെക്രട്ടറി സുനിൽ ദത്ത്,
സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ.ടി പ്രദീപ്, ജില്ലാ പ്രസിഡന്റ് എസ്. ബൈജു, സെക്രട്ടറി എസ്. ദിലീപ് കുമാർ, ട്രഷറർ കാഞ്ചനം സുരേഷ്, താലൂക്ക് പ്രസിഡന്റ് എസ്. സുരേഷ് ബാബു തുടങ്ങിയവർ പത്രസമ്മേളനത്തിൽ അറിയിച്ചു.