സെന്റ് ജോസഫ്സ് കോൺവന്റ് സ്കൂൾ 150-ാം വാർഷികാഘോഷം എട്ടുമുതൽ
1493017
Monday, January 6, 2025 6:20 AM IST
കൊല്ലം: നഗര ഹൃദയത്തിലെ പഴക്കവും പാര്യമ്പര്യവുമുള്ള വിദ്യാലയ മുത്തശിയാണ് സെന്റ് ജോസഫ് സ് കോൺവന്റ് സ്കൂൾ. നഗരത്തിലെ ആദ്യ ഇംഗ്ലീഷ് ഗേൾസ് സ്കൂൾ എന്ന പ്രൗഡിയിൽ അന്നും ഇന്നും മുന്നിട്ടുനിൽക്കുന്നു. എഡി 1875 ൽ മദർ വെറോനിക്കയാണ് സ്കൂൾ ആരംഭിച്ചത്.
പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും വിജയത്തിളക്കവുമായി സെന്റ് ജോസഫ്സ് കോൺവന്റ് സ്കൂൾ ജൈത്രയാത്ര തുടരുന്നു.
കൊല്ലം സെന്റ് ജോസഫ്സ് കോൺവന്റിന്റെ 150-ാം വാർഷികാഘോഷം എട്ടിന് തുടങ്ങി 10 വിവിധ പരിപാടികളോടെ സമാപിക്കും. വിളംബര ഘോഷയാത്ര, പൂർവ വിദ്യാർഥികളെ ആദരിക്കൽ, കുട്ടികളുടെ ഫാഷൻഷോ, പൊതുസമ്മേളനം, പിടിഎ പ്രസിഡന്റുമാരെ ആദരിക്കൽ, വിധങ്ങളായ മത്സരക്കളികൾ എന്നിവ അരങ്ങേരും.
എട്ടിന് രാവിലെ 9.30 വിളംബര ഘോഷയാത്ര മോൺ. ഫാ. ജു ജൂലിയാൻ ഫ്ലാഗ്ഓഫ് ചെയ്യും. വർണശബളമായ ഘോഷയാത്രയ്ക്ക് കുട്ടികളുടെ ഫ്ലാഷ്മോബ്, കരാട്ടെ പ്രകടനം, വിവിധ വേഷങ്ങളുടെ അവതരണം, നിശ്ചലദൃശ്യങ്ങൾഎന്നിവ അണിനിരക്കും. ഒന്പതിന് രാവിലെ ഏഴിന് കൊല്ലം ബിഷപ് ഡോ.പോൾ മുല്ലശേരി കൃതജ്ഞതാബലിയർപ്പണം നിർവഹിക്കും. തുടർന്ന് ജോസൈൻസ് അലുമ്നി അസോസിയേഷൻ ഞങ്ങൾ ദാ വീണ്ടും" എന്ന പേരിൽ വിവിധ പരിപാടികൾ അവതരിപ്പിക്കും.
ചടങ്ങ് കൊല്ലം ബിഷപ് ഡോ.പോൾ ആന്റണി മുല്ലശേരി ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും. 10.30 ന് വിദ്യാഭ്യാസ കാലത്തെ സ്മരണകൾ അയവിറക്കി 1975-76,77,78 വർഷങ്ങളിലെ 10 ാം ക്ലാസ് വിദ്യാർഥിനികൾ ക്ലാസ്മുറികൾ പുനഃസൃഷ്ടിക്കും. വൈകുന്നേരം സ്കൂൾ കാന്പസിൽ നടക്കുന്ന പൊതു സമ്മേളനംമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. മുൻ പ്രിൻസിപ്പൽ സിസ്റ്റർ. ജി.സൂസി അധ്യക്ഷയാകും. തുടർന്ന് വിരമിച്ച അധ്യാപകരെയും മുതിർന്ന പൂർവവിദ്യാർഥികളെയും ആദരിക്കും.
പൂർവവിദ്യാർഥികളുടെ സ്മരണിക സിസ്റ്റർ. മേരി. എൽമ പ്രകാശനം ചെയ്യും. സ്കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തക സമാഹാരം പ്രിൻസിപ്പൽ സിസ്റ്റർ ആഞ്ചലീന മൈക്കിളിന് പൂർവ വിദ്യാർഥിനിയും എഴുത്തുകാരിയുമായ ജസീന്താ മോറീസ് കൈമാറും. തുടർന്ന് കുട്ടികൾക്കുള്ള ഫാഷൻ ഷോ മത്സരം നടത്തും. ഇതിനോടനുബന്ധിച്ച് നിറപ്പകിട്ടാർന്ന കലാപരിപാടികളും അരങ്ങേറും.
10 ന് രാവിലെ ഏഴിന് മുൻ ബിഷപ് ഡോ. സ്റ്റാൻലി റോമന്റെ നേതൃത്വത്തിൽ വിശുദ്ധ കുർബാന. വൈകുന്നേരം നാലിന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. പ്രൊവിൻഷ്യാൾ സുപ്പീരിയർ സിസ്റ്റർ ലൂസി മേരി സിസിആർ അധ്യക്ഷത വഹിക്കും. എൻ.കെ. പ്രേമചന്ദ്രൻ എംപി മുഖ്യപ്രഭാഷണം നടത്തും.
പ്രമുഖ വ്യക്തികളെ എം. മുകേഷ് എംഎൽഎ ആദരിക്കും. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും നടക്കും.
പത്രസമ്മേളനത്തിൽ സ്കൂൾ മാനേജർ സിസ്റ്റർ മേരി മാർഗരറ്റ്, പ്രിൻസിപ്പൽ സിസ്റ്റർ അഞ്ചലീന മൈക്കിൾ, പിടിഎ പ്രസിഡന്റ് ടി. സതീഷ്കുമാർ, അലുമ്നി പ്രസിഡന്റ് സന്ധ്യാകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി പുഷ്പം ജോർജ് എന്നിവർ പങ്കെടുത്തു.