കൊട്ടാരക്കര ഇന്റഗ്രേറ്റഡ് ആയുഷ് ആശുപത്രി ശിലാസ്ഥാപനം നാളെ
1493865
Thursday, January 9, 2025 6:33 AM IST
കൊല്ലം: കൊട്ടാരക്കര നഗരസഭയില്‍ നിര്‍മിക്കുന്ന പുതിയ ഇന്റഗ്രേറ്റഡ് ആയുഷ് ആശുപത്രി കെട്ടിട ശിലാസ്ഥാപനം നാളെ വൈകുന്നേരം നാലിന് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.
കൊട്ടാരക്കര താമരശേരി ജംഗ്ഷനില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷനാവും. കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യാതിഥിയാകും.
നാഷണല്‍ ആയുഷ് മിഷന് സംസ്ഥാന മിഷന് ഡയറക്ടര്‍ ഡോ. സജിത് ബാബു മുഖ്യപ്രഭാഷണം നടത്തും. ആയുഷ് മിഷന്റെ ഇന്റഗ്രേറ്റഡ് സ്കീമിൽ ലഭിച്ച 10.5 കോടി ചെലവിട്ടാണ് കൊട്ടാരക്കര ഗവൺമെന്റ് ആയുര്‍വേദ ആശുപത്രിയെ 30 കിടക്കകളുള്ള ഇന്റഗ്രേറ്റഡ് ആയുഷ് ആശുപത്രിയാക്കി മാറ്റുന്നത്. 2012 ചതുരശ്ര മീറ്ററിലാണ് ആശുപത്രി സമുച്ചയം നിര്‍മിക്കുന്നത്.
ആയുര്‍വേദം, സിദ്ധ, യോഗ, യുനാനി, നാച്യുറോപ്പതി ചികിത്സാ സൗകര്യങ്ങൾ ആശുപത്രിയിൽ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാവുന്ന രീതിയിലാണ് ആയുഷ് ഇന്റഗ്രേറ്റഡ് ആശുപത്രി പ്രവര്‍ത്തിക്കുക.
പരിപാടിയില്‍ നഗരസഭാ ചെയര്മാന് എസ്.ആര്. രമേശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എ. അഭിലാഷ്, എസ്. രഞ്ജിത്ത്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.എസ്. പ്രിയ തുടങ്ങിയവര്‍ പങ്കെടുക്കും.