കാറിടിച്ച് രണ്ട് ഹരിത കർമ സേനാംഗങ്ങൾക്ക് പരിക്ക്
1493869
Thursday, January 9, 2025 6:33 AM IST
കൊട്ടാരക്കര: പൂവറ്റൂർ - പുത്തൂർ മുക്ക് റോഡിലെ ജോലിക്കിടെ ഹരിത കർമസേനാഗങ്ങളെ കാർ ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ രണ്ട് സ്ത്രീകൾക്ക് പരിക്ക്. പുത്തൂർ മുക്ക് ചരുവിള വീട്ടിൽ രാധാമണി (60), പൈനുമൂട് പാലവിള വീട്ടിൽ ഷീജ ജോയ് (45) എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. സമീപത്തു നിന്ന പുത്തൂർ മുക്ക് തടത്തിൽ വീട്ടിൽ രാധ നിസാര പരിക്കോടെ രക്ഷപ്പെട്ടു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് വീടു കളിൽ നിന്ന് പ്ലാസ്റ്റിക് ശേഖരിച്ച് വരികയായിരുന്നു ഹരിത സേനാംഗങ്ങൾ. പൂവറ്റൂർ നിന്ന് പുത്തൂർമുക്ക് ഭാഗത്തേക്ക് അമിതവേഗതയിലെത്തിയ കാർ റോഡ് ക്രോസ്ചെയ്ത ബൈക്ക് യാത്രികനെ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് മൂന്ന് ഹരിത കർമ സേനാംഗങ്ങളെ ഇടിച്ചു തെറിപ്പിച്ചത്.
ഇടിക്കിടെ ഷീജ ജോയിയും മറ്റൊരു സ്ത്രീയും താഴേക്കും രാധാമണി കാറിന് അടിയിലും പെടുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ രാധാമണിയെ തിരുവനന്തപുരം മെഡിക്കൽ കോളജിലും ഷീജ ജോയിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പുത്തൂർ പോലീസ് കേസ് എടുത്തു.