പരിയാപുരത്ത് പുലിപ്പേടി വേണ്ട; ജാഗ്രത മതി
1494101
Friday, January 10, 2025 5:31 AM IST
അങ്ങാടിപ്പുറം: പരിയാപുരത്ത് വിവിധ ഇടങ്ങളിൽ പുലിയെ കണ്ടതായുള്ള വിവരങ്ങളും മൃഗാവശിഷ്ടം കണ്ടെത്തിയതും നാട്ടുകാരുടെ ആശങ്കകളും വ്യക്തമാക്കി കാളികാവ് റേഞ്ച് ഓഫീസർക്കും തുടർന്ന് നിലമ്പൂർ സൗത്ത് ഡിഎഫ്ഒയ്ക്കും റിപ്പോർട്ട് നൽകുമെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. ഊഹാപോഹങ്ങൾ പരത്തരുതെന്നും ജാഗ്രതയാണ് വേണ്ടതെന്നും പോലീസും പറഞ്ഞു.
പരിയാപുരം സെന്റ്മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ജനകീയ യോഗത്തിലാണ് പഞ്ചായത്ത്, വനം, പോലീസ് അധികൃതർ കാര്യങ്ങൾ വിശദീകരിച്ചത്. ഈ പ്രദേശങ്ങളിലെ പൊന്തക്കാടുകൾ അടിയന്തരമായി വെട്ടിനീക്കാൻ സ്ഥലമുടമകൾക്ക് നിർദേശം നൽകുമെന്നും അതു ചെയ്യാത്ത പക്ഷം നിയമനടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതരും അറിയിച്ചു. കേടായ വഴിവിളക്കുകൾ നന്നാക്കാൻ നടപടിയെടുക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ. സഈദ പറഞ്ഞു.
വിവിധ ഭാഗങ്ങളിൽ പുലിയുടെ സാന്നിധ്യം സംശയിക്കുന്നതിനാൽ കാമറ സ്ഥാപിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് ഫോറസ്റ്റ് ഓഫീസർ എൻ.വി.രഞ്ജിത്ത് പറഞ്ഞു. തുടർന്നും നാട്ടുകാർക്കൊപ്പം എല്ലാ സഹായവും ചെയ്യാൻ പോലീസും വനംവകുപ്പും പഞ്ചായത്ത് അധികൃതരും ഒപ്പമുണ്ടാകുമെന്നും ഉറപ്പു നൽകി.
യോഗത്തിൽ ഗ്രാമപഞ്ചായത്ത് അംഗം അനിൽ പുലിപ്ര ആധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ, ജില്ലാ പഞ്ചായത്ത് അംഗം പി.ഷഹബാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വിൻസി അനിൽ, സ്ഥിരസമിതി അധ്യക്ഷൻ വി.സുനിൽ ബാബു, പെരിന്തൽമണ്ണ സിഐ സുമേഷ് സുധാകരൻ, സെന്റ്മേരീസ് സ്കൂൾ പിടിഎ പ്രസിഡന്റ് സാജു ജോർജ് എന്നിവർ സംസാരിച്ചു.