കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ നോട്ടീസ്
1493433
Wednesday, January 8, 2025 5:18 AM IST
നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലെ വിജയപുരത്ത് ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിയുടെ പ്രവൃത്തി നിര്‍ത്തിവയ്ക്കാന്‍ സ്ഥലംഉടമക്ക് പുള്ളിപ്പാടം വില്ലേജ് ഓഫീസര്‍ ബീന കാളികാവ് നോട്ടീസ് നല്കി.
കാളികാവ് സ്വദേശിയുടെ അളക്കലിലെ ഭൂമിയിലാണ് വന്‍തോതില്‍ അനുമതി ഇല്ലാതെ കരിങ്കല്‍ ഖനനം നടന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മുതല്‍ കരിങ്കല്‍ ഖനനം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി സ്ഥലം ഉടമക്ക് നോട്ടീസ് നല്‍കുകയായിരുന്നു.
ചാലിയാര്‍ പഞ്ചായത്തിലെ പെരുവമ്പാടം, വാളംതോട് വാര്‍ഡുകളുടെ പരിധിയിലാണ് ഭൂമാഫിയകള്‍ കുന്നിടിച്ച് നിരത്തുന്നതും ലൈസന്‍സ് ഇല്ലാതെ കരിങ്കല്‍ പൊട്ടിക്കുന്നതും. ഇതെല്ലം നടക്കുന്നത് റവന്യു വകുപ്പിലെ ചില ഉന്നതരുടെയും ജിയോളജി വകുപ്പിലെ ചിലരുടെയും ഒത്താശയോടെയാണെന്നും പ്രദേശവാസികള്‍ പറയുന്നു. പരിസ്ഥിതിലോല മേഖലയിലാണ് അനധികൃത പാറ പൊട്ടിക്കല്‍ നടക്കുന്നത്.
ഹിറ്റാച്ചി യന്ത്രം ഉപയോഗിച്ചണ് ഖനനം. പുള്ളിപ്പാടം വില്ലേജ് പരിധിയില്‍ ലൈസന്‍സുള്ള കരിങ്കല്‍ ക്വാറികള്‍ നിലവില്‍ ഇല്ലെന്നും സ്ഥലം സന്ദര്‍ശിച്ച ശേഷം വില്ലേജ് ഓഫീസര്‍ പറഞ്ഞു. നിലമ്പൂര്‍ തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും അവർ പറഞ്ഞു.