ഉപരോധ സമരം ഫലം കണ്ടു : ഒലിപ്പുഴ-മേലാറ്റൂര്‍-പുലാമന്തോള്‍ സംസ്ഥാനപാത ഒരു മാസത്തിനകം ഗതാഗത യോഗ്യമാക്കും
1493436
Wednesday, January 8, 2025 5:18 AM IST
മേലാറ്റൂര്‍: ഒലിപ്പുഴ-മേലാറ്റൂര്‍-പുലാമന്തോള്‍ സംസ്ഥാനപാതയുടെ ശോച്യാവസ്ഥയെത്തുടര്‍ന്ന് മേലാറ്റൂരില്‍ ജനകീയ സമരസമിതിയുടെ റോഡ് ഉപരോധ സമരം ഫലംകണ്ടു. ഒരു മാസത്തിനകം റോഡ് ഗതാഗതയോഗ്യമാക്കാന്‍ തീരുമാനം.
മേലാറ്റൂരില്‍ ജനകീയ സമരസമിതി മേലാറ്റൂര്‍ സ്റ്റേഷന് ഹൗസ് ഓഫീസറുടെ നേതൃത്വത്തില്‍ കരാര്‍ ഏറ്റെടുത്ത ആന്ധ്രാപ്രദേശിലെ കമ്പനി പ്രൊജക്ട് മാനേജരുമായി നടത്തിയ ചര്‍ച്ചയിലാണ് റോഡ് ഉപരോധ സമരം അവസാനിപ്പിച്ചത്.
മേലാറ്റൂര്‍ മുതല്‍ ഒലിപ്പുഴ പാലം വരെ റോഡില്‍ സഞ്ചരിക്കാനാകില്ല. നവീകരണത്തിനായി റോഡ് പൊളിച്ചതിനുശേഷം പ്രവൃത്തി നടത്തിയിട്ടില്ല. മൂന്നു മാസമായി സംസ്ഥാന പാതയില്‍ യാത്ര ദുസഹമാണ്. പ്രശ്നം പരിഹരിക്കാന്‍ പരാതികള്‍ നല്‍കിയിട്ടും പരിഹാരവുമുണ്ടായില്ല.
തുടര്‍ന്നാണ് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ മേലാറ്റൂര്‍ ടൗണില്‍ ഉപരോധ സമരം സംഘടിപ്പിച്ചത്. പൊടിശല്യം കാരണം കച്ചവടക്കാരും വഴിയാത്രക്കാരും റോഡിനോടു ചേര്‍ന്ന വീട്ടുകാരുമാണ് ദുരിതം നേരിട്ടത്. പൊളിച്ചിട്ട ഭാഗത്ത് കൂടി വാഹനം കടന്നുപോയാല്‍ പൊടി കാരണം പിന്നെ ഏറെ നേരം റോഡ് കാണാനാകാത്ത അവസ്ഥയാണ്.
റോഡ് ഉപരോധ സമരം പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു. മേലാറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. മുഹമ്മദ് ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. ജനകീയ സമരസമിതി കണ്‍വീനര്‍ മുജീബ് റഹ്മാന്, ചെയര്മാന് വി. ശശിധരന്, കോ ഓര്‍ഡിനേറ്റര്‍ കെ. മനോജ് കുമാര്‍,
ബ്ലോക്ക് മെന്പര്‍മാരായ വി. കമലം, മുന്ഷീര്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന അജിത്ത്, പ്രസാദ്, വാര്‍ഡ് മെന്പര്‍മാര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി മേലാറ്റൂര്‍ യൂണിറ്റ് പ്രസിഡന്റ് സി.ടി. മമ്മദ്, വ്യാപാരി വ്യവസായി ഏകോപന സമിതി മേലാറ്റൂര്‍ യൂണിറ്റ് വനിതാവിംഗ് ഭാരവാഹികള്‍, ജനകീയ സമര സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.