പൊന്നാനിയില്‍ ജോസ് കെ. വിഭാഗം കേരളാ കോണ്‍ഗ്രസിലേക്ക്
1493427
Wednesday, January 8, 2025 5:18 AM IST
പൊന്നാനി: പാര്‍ട്ടിയിലെ ജോസ് കെ. മാണിയുടെ ഏകാധിപത്യം സര്‍വസീമയും ലംഘിക്കുന്നുവെന്നാരോപിച്ച് പൊന്നാനി നിയോജക മണ്ഡലം ഒന്നടങ്കം പി.ജെ. ജോസഫ് നേതൃത്വം നല്കുന്ന കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഇതോടെ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റി ഇല്ലാതെയായി.
സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളോടുള്ള ജോസ് കെ. മാണിയുടെ മൗനാനുമതി സാധാരണ പ്രവര്‍ത്തകരില്‍ അവമതിപ്പ് ഉളവാക്കുന്നവയാണെന്ന് കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനും മുന്‍ എംഎല്‍എയുമായ അഡ്വ.തോമസ് ഉണ്ണിയാടന് പറഞ്ഞു.
കേരളാ കോണ്‍ഗ്രസ്-എം നിയോജക മണ്ഡലം പ്രസിഡന്റ് സക്കീര്‍ ഒതള്ളൂരിന്റെ നേതൃത്വത്തില്പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റി രാജിവച്ച് പി.ജെ. ജോസഫ് നയിക്കുന്ന കേരള കോണ്‍ഗ്രസില്‍ ചേര്‍ന്നതുമായി ബന്ധപ്പെട്ട സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷക വിരുദ്ധവും കര്‍ഷകരെ വഞ്ചിക്കുന്നതുമായ വനംവകുപ്പിന്റെ കിരാത വനനിയമ ഭേദഗതി നടപ്പാക്കാന്‍ കാബിനറ്റിലും ഇടതുമുന്നണിയിലും ഒത്താശ ചെയ്തുകൊടുത്ത ജോസ് കെ. മാണി, കെ.എം. മാണിയുടെ പ്രസ്ഥാനത്തോടും ആത്മാവിനോടും വഞ്ചനയാണ് കാണിക്കുന്നതെന്നും തോമസ് ഉണ്ണിയാടന് കുറ്റപ്പെടുത്തി.
സ്വീകരണ സമ്മേളനത്തില്‍ പാര്‍ട്ടി മലപ്പുറം ജില്ലാ പ്രസിഡന്റ് മാത്യു വര്‍ഗീസ് അധ്യക്ഷത വഹിച്ചു. കേരളാ കോണ്‍ഗ്രസ് പൊന്നാനി നിയോജകമണ്ഡലം ഭാരവാഹികള്‍: ജബ്ബാര്‍ കിഴിക്കര (പ്രസിഡന്റ്), കെ.വി. ജലീല്‍, പി. ഷിജില (വൈസ് പ്രസിഡന്റുമാർ),
ഉബൈദ് മാറഞ്ചേരി, കെ.കെ. ചന്ദ്രന് (ജനറല്‍ സെക്രട്ടറിമാർ), എം.കെ. കരീം (ട്രഷറര്‍). കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയായി സക്കീര്‍ ഒതള്ളൂരിനെ ജില്ലാ പ്രസിഡന്റ് മാത്യു വര്‍ഗീസ് നോമിനേറ്റ് ചെയ്തു.