നിലമ്പൂര്‍ പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവലിന് ഇന്ന് തിരിതെളിയും
1493439
Wednesday, January 8, 2025 5:21 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവല്‍ ആഘോഷങ്ങള്‍ക്ക് ഇന്ന് നിലമ്പൂരില്‍ തുടക്കമാകുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കലാകാരനായ നിലമ്പൂര്‍ ബാലന്റെ സ്മരണക്കായി നടത്തുന്ന നിലമ്പൂര്‍ ബാലന് നാടകോത്സവം ഇത്തവണ വിപുലമായി നടത്തും. നിലമ്പൂര്‍ കോടതിപ്പടിയിലെ പാട്ടുത്സവ നഗരിയില്‍ ഇന്നലെ വൈകുന്നേരം നാലുമണിക്ക് കൊടിയേറ്റം നടത്തി.
കോടതിപ്പടിയില് എട്ടിന് വൈകുന്നേരം ഏഴ് മണിക്ക് ബാലന് നാടകോത്സവം നാടകനടന്‍ നിലമ്പൂര്‍ മണി ഉദ്ഘാടനം ചെയ്യും. നാടകോത്സവത്തിന്റെ ആദ്യദിവസം സാഹിതി തീയേറ്റേഴ്സ് അവതരിപ്പിക്കുന്ന "മുച്ചീട്ടു കളിക്കാരന്റെ മകള്‍’ എന്ന നാടകം അരങ്ങേറും. 11 ന് മെഗാ സ്റ്റേജ് ഷോയുടെ ആദ്യദിന സാംസ്കാരിക സമ്മേളനം നടനും സംവിധായകനുമായ ജോയ് മാത്യു ഉദ്ഘാടനം ചെയ്യും.
20 ദിവസം നീണ്ടുനില്‍ക്കുന്ന കാര്‍ണിവല്‍, ബിസിനസ് എക്സ്പോ ആന്‍ഡ് ഫ്ളവര്‍ ഷോ തുടങ്ങി നിരവധി പരിപാടികളും ഉണ്ടായിരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ആര്യാടന് ഷൗക്കത്ത് (ചെയര്മാന്), യു. നരേന്ദ്രന് (ജനറല്‍ കണ്‍വീനര്‍), പി.വി. സനില്‍ കുമാര്‍ ( വൈസ് ചെയര്മാന്), ഖജാന്ജിമാരായ ഷബീറലി മുക്കട്ട, വിന്‍സന്റ് എ. ഗോണ്‍സാഗ, ഷാജി കെ. തോമസ് എന്നിവര്‍ പങ്കെടുത്തു.