കരുവാരകുണ്ട്, പുന്നക്കാട് നടപ്പാത വേണമെന്ന ആവശ്യമുയരുന്നു
1493286
Tuesday, January 7, 2025 7:43 AM IST
കരുവാരകുണ്ട്: നിലമ്പൂര്‍ പെരിമ്പിലാവ് സംസ്ഥാനപാതയില്‍ കരുവാരകുണ്ട്, പുന്നക്കാട്, ചുങ്കം മുതല്‍ പുല്‍വെട്ട റോഡ് വരെയുള്ള ഭാഗങ്ങളില്‍ സംസ്ഥാന പാതയോരത്ത് നടപ്പാത നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇംഗ്ലീഷ് മീഡിയം സ്കൂള്‍, യുപി-ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍, ആര്‍ട്സ് കോളജ്, വനിതാ കോളജ്, സഹകരണ ആശുപത്രി, ശരീഅ കോളജ് ഹയര്‍ സെക്കന്‍ഡറി മദ്രസ, ഗവ. എല്‍പി സ്കൂള്‍, അങ്കണവാടി തുടങ്ങി പ്രീ പ്രൈമറി മുതല്‍ കോളജ്തലം വരെ ഏഴായിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിവിധ വിദ്യാലയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശമാണ് പുന്നക്കാട്. സ്കൂള്‍ പരിസരത്തുനിന്ന് നടപ്പാതയില്ലാത്തതിനാല്‍ സ്കൂളിലേക്ക് വരുമ്പോഴും പോകുമ്പോഴുമെല്ലാം കുട്ടികള്‍ റോഡിലൂടെ അലക്ഷ്യമായും അശ്രദ്ധമായും നടക്കുന്ന അവസ്ഥയാണുള്ളത്.
മലയോരമേഖലയായ കരുവാരകുണ്ടിനെ കാളികാവ്, നിലമ്പൂര്‍, മഞ്ചേരി, പെരിന്തല്‍മണ്ണ, വണ്ടൂര്‍ മേഖലകളുമായി ബന്ധിപ്പിക്കുന്ന റോഡായതിനാല്‍ ഇടതടവില്ലാതെ ചെറുതും വലുതുമായ നിരവധി വാഹനങ്ങള്‍ ഈ വഴി കടന്നുപോകാറുണ്ട്. അതുകൊണ്ടുതന്നെ അപകടങ്ങള്‍ തുടര്‍ക്കഥയാണ്. നടപ്പാത നിര്‍മിച്ചാല്‍ റോഡിലൂടെ വിദ്യാര്‍ഥികളുടെ അലക്ഷ്യമായുള്ള കാല്‍നടയാത്രയും അപകടങ്ങളും ഒരുപരിധിവരെ പരിഹരിക്കാനാകും.