അങ്ങാടിപ്പുറം എന്‍ജിനിയറിംഗ് വിഭാഗം ഓഫീസില്‍ "നാഥനില്ല'
1493294
Tuesday, January 7, 2025 7:44 AM IST
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് എന്‍ജിനിയറിംഗ് വിഭാഗം ഓഫീസ് പൂട്ടിയതിനാല്‍ കെട്ടിട ആവശ്യങ്ങള്‍ക്കായി വരുന്ന നിരവധിപേര്‍ ബുദ്ധിമുട്ടിലായി. വീടുപണിയടക്കം തുടങ്ങാന്‍ അവധിക്കു വരുന്ന പ്രവാസികള്‍ ഉൾപ്പെടെയുള്ള നിരവധി പേരാണ് കഷ്ടപ്പെടുന്നത്.
മറ്റു സ്ഥലങ്ങളില്‍ നിന്ന് വരുന്ന ഉദ്യോഗസ്ഥര്‍ക്ക് പഠിക്കാനുള്ള ഹബ്ബായി അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് ഓഫീസ് മാറിയെന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷബീര്‍ കറുമുക്കില്‍ അഭിപ്രായപ്പെട്ടു. ഇവിടെ വന്ന് ദിവസങ്ങള്‍ക്കകം തന്നെ ഉദ്യോഗസ്ഥര്‍ പ്രമോഷന് ലഭിച്ചു പോകുമ്പോള്‍ ഇങ്ങോട്ട് ഉദ്യോഗസ്ഥരെ ലഭിക്കാതെ ഭരണസമിതി ഏറെ ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഏതാനും ദിവസത്തെ അവധിക്കു നാട്ടിലെത്തുന്ന പ്രവാസികളാണ് ഏറ്റവും കൂടുതല്‍ പ്രയാസം നേരിടുന്നത്. മാസങ്ങള്‍ക്കു മുമ്പ് ഓവര്‍സിയര്‍ പ്രമോഷനായി പോയിട്ട് പകരം ആരുമെത്തിയിട്ടില്ല. ഒരു എഇയും രണ്ട് ഓവര്‍സിയറുമാണ് ഓഫീസില്‍ വേണ്ടത്. എന്നാല്‍ മാസങ്ങളായി എഇ അടക്കമുള്ള ഉദ്യോഗസ്ഥര്‍ ഇവിടെ ഇല്ലാത്തതിനാല്‍ മേശപ്പുറത്ത് ഫയലുകള്‍ കുന്നുകൂടിയിട്ടുണ്ട്.