അഭിഭാഷക കമ്മീഷണര്‍ക്ക് മര്‍ദനം: ബാര്‍ അസോസിയേഷന് പ്രതിഷേധിച്ചു
1493440
Wednesday, January 8, 2025 5:21 AM IST
മഞ്ചേരി: കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷണറെ അക്രമിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മഞ്ചേരി ജില്ലാ ബാര്‍ അസോസിയേഷന് പ്രതിഷേധിച്ചു. ഇക്കഴിഞ്ഞ ആറിനാണ് സംഭവം. ട്രേഡ് മാര്‍ക്ക് സംബന്ധമായ കോടതി വിധി ലംഘിച്ചുവെന്ന പരാതിയില്‍ അന്വേഷണത്തിന് നിയോഗിക്കപ്പെട്ട മഞ്ചേരി ബാറിലെ അഭിഭാഷകനായ മുഹമ്മദ് ഷാഹിനാണ് അക്രമത്തില്‍ പരിക്കേറ്റത്.
കോടതി ഉത്തരവ് പ്രകാരമാണ് പരിശോധന നടത്തുന്നതെന്ന് എതിർ കക്ഷി ജുനൈദിനെ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച് നോട്ടീസ് കൈമാറിയിട്ടുള്ളതുമാണ്. എന്നാല്‍ ജുനൈദ് ഉൾപ്പെടെയുള്ള നാലംഗ സംഘം കഴുത്തില്‍പ്പിടിച്ച് ഞെരിക്കുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.
പരിക്കേറ്റ മുഹമ്മദ് ഷാഹിന്‍ ആശുപത്രിയില്‍ ചികിത്സ തേടി. അഭിഭാഷകരുടെയും കോടതി ഉദ്യോഗസ്ഥരുടെയും ജീവനും സുരക്ഷയും ഉറപ്പാക്കാന്‍ അധികാരികളോട് ജില്ലാ ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. എം. ഉമ്മര്‍, സെക്രട്ടറി അഡ്വ. കെ.എം. സുരേഷ്, ഭാരവാഹികളായ അഡ്വ. കെ.പി. ഷാജു, അഡ്വ. കെ.എം. കൃഷ്ണകുമാര്‍, അഡ്വ. ബീന ജോസഫ് എന്നിവര്‍ ആവശ്യപ്പെട്ടു.
കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ഐഎല്‍സി ആവശ്യപ്പെട്ടു. ജില്ലാ കോടതി പരിസരത്തു നടന്ന പ്രതിഷേധ പരിപാടി ജില്ലാ പ്രസിഡന്റ് അഡ്വ. സി.പി. അജിത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അഡ്വ. എം.കെ. പ്രിയേഷ് അധ്യക്ഷത വഹിച്ചു.