ചാലിയാറില്‍ വീണ്ടും കാട്ടാന ശല്യം; വന്‍തോതില്‍ കൃഷി നശിപ്പിച്ചു
1492597
Sunday, January 5, 2025 5:09 AM IST
നിലമ്പൂര്‍: ചാലിയാറില്‍ വീണ്ടും കാട്ടാനകളുടെ വിളയാട്ടം. മതില്‍മൂല പുളപ്പെട്ടി സിദ്ദിഖിന്റെ കൃഷിയിടത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെ സിദ്ദിഖിന്റെ കൃഷിയിടത്തില്‍ വിളവെടുപ്പിന് പാകമായി വരികയായിരുന്ന 200 നേന്ത്രവാഴകളും 250 ലേറെ കപ്പകളും നശിപ്പിച്ചിരുന്നു. കാട്ടാനശല്യത്തിനെതിരേ കഴിഞ്ഞ ദിവസം ചുങ്കത്തറ മുട്ടിക്കടവില്‍ കൃഷിമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. വനപാലകരെയും വിവരം അറിയിച്ചിരുന്നു.
ഇതിനിടെ കാട്ടാനകള്‍ തകര്‍ത്ത വൈദ്യുതവേലിയുടെ ഭാഗവും പുനഃസ്ഥാപിച്ചിരുന്നു. എന്നാല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ വൈദ്യുതവേലിയോട് ചേര്‍ന്ന് നിന്ന പുളിമരം പിഴുത് വേലിക്ക് മുകളിലിട്ട ശേഷം കൃഷിയിടത്തില്‍ കയറി വലിയ നാശമാണ് കാട്ടാനകള്‍ വരുത്തിയത്. രണ്ട് ദിവസം കൊണ്ട് മൂന്നര ലക്ഷത്തോളം രൂപയുടെ കൃഷിയാണ് കാട്ടാനകള്‍ നശിപ്പിച്ചത്.