"നാളികേര വികസന ബോര്‍ഡിന്റെ മേഖലാ ഓഫീസ് കോഴിക്കോട്ട് സ്ഥാപിക്കണം’
1492588
Sunday, January 5, 2025 5:08 AM IST
മലപ്പുറം: നാളികേര വികസന ബോര്‍ഡിന്റെ മേഖലാ ഓഫീസ് കോഴിക്കോട്ട് സ്ഥാപിക്കണമെന്ന് കോക്കനട്ട് ഡിലേഴ്സ് അസോസിയേഷന് സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലെ നാളികേര കര്‍ഷകര്‍ക്ക് കൊച്ചിയിലെ ഏക ഓഫീസ് മാത്രമാണ് ആശ്രയം. കര്‍ഷകരുടെ വിവിധ ആവശ്യങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഇതുമൂലം വലിയ കാലതാമസം നേരിടുന്നതായി സമ്മേളനം ചൂണ്ടിക്കാട്ടി.
കേരഫെഡ് ചെയര്മാന് പി. ചാമുണ്ണി സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എളയൂര്‍ ശ്രീനിവാസന് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി. മുഹമ്മദ് സമീര്‍, ട്രഷറര്‍ എം.ജെ. ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി എളയൂര്‍ ശ്രീനിവാസന് (പ്രസിഡന്റ്), കെ.പി. മൊയ്തീന് കോയ (വൈസ് പ്രസിഡന്റ്), വി. മുഹമ്മദ് സമീര്‍ (ജനറല്‍ സെക്രട്ടറി),
ഷാനില്‍ പൊന്നാനി (ജോയിന്റ് സെക്രട്ടറി), എം.ജെ. ജോണ്‍ (ട്രഷറര്‍) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു. ജില്ലകളില്‍ അഗ്രോ പാര്‍ക്ക് സ്ഥാപിക്കുക, നാളികേര കര്‍ഷകരോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കുക, നാളികേരത്തിന്റെ മൂല്യവര്‍ധിത ഉത്പ്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.