റോഡിൽ കാര്‍ വിലങ്ങനെ നിർത്തി ഗതാഗതം തടസപ്പെടുത്തി :അങ്ങാടിപ്പുറം-വളാഞ്ചേരി റൂട്ടില്‍ പണിമുടക്കി സ്വകാര്യ ബസുകൾ
1492586
Sunday, January 5, 2025 5:08 AM IST
പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം-വളാഞ്ചേരി റൂട്ടില്‍ സ്വകാര്യബസുകള്‍ ഇന്നലെ മിന്നല്‍ പണിമുടക്ക് നടത്തി. രാവിലെ ഒമ്പതിന് നിര്‍ത്തിവച്ച സര്‍വീസ് പോലീസ് വിളിച്ചുചേര്‍ത്ത ചര്‍ച്ചക്ക് ശേഷം വൈകുന്നേരം 5.35നാണ് വീണ്ടും ആരംഭിച്ചത്.
പ്രവൃത്തി ദിവസമായ ഇന്നലെ പകല്‍ മുഴുവന്‍ നീണ്ട ബസ് പണിമുടക്ക് യാത്രക്കാരെയും വിദ്യാര്‍ഥികളെയും ഓഫീസ് ജീവനക്കാരെയും ബുദ്ധിമുട്ടിലാക്കി. എംഇഎസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്താന്‍ രോഗികളും സഹായികളും ഏറെ വിഷമിച്ചു.
മൂര്‍ക്കനാട് പഞ്ചായത്ത് ഓഫീസ് പടിക്കല്‍ റോഡ് പുനരുദ്ധാരണ പ്രവൃത്തി നടക്കുന്ന സ്ഥലത്തുകൂടി ബസ് ഉൾപ്പെടെയുള്ള വാഹനം കടന്നുപോകുന്നതിനാല്‍ പൊടിശല്യം വ്യാപാരികളെ ബാധിക്കുന്നതായി ആരോപിച്ച് സ്ഥലത്തെ കടയുടമ ഇന്നലെ വാഹനങ്ങൾ ഓടാതിരിക്കാന്‍ കാറ് റോഡിന് വിലങ്ങനെ നിർത്തിയിടുകയായിരുന്നു.
ഇതില്‍ ക്ഷുഭിതരായ ചില സ്വകാര്യബസ് ജീവനക്കാർ കടക്കാരനുമായി വാക്ക് തര്‍ക്കവും ഉണ്ടായി. സംഭവം അറിഞ്ഞെത്തിയ കൊളത്തൂര്‍ പോലീസ്, കാറും ബസും സ്റ്റേഷനിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടു.
കടന്നുപോകാന്‍ നിര്വാഹമില്ലാത്തതിലാണ് ബസ് നിര്‍ത്തിയിട്ടതെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞെങ്കിലും പോലീസ് ചെവികൊണ്ടില്ല. കാറും ബസും പോലീസ് കസ്റ്റഡിയിലെടുത്തു. ഇതറിഞ്ഞതോടെ മറ്റ് സ്വകാര്യ ബസുകൾ സര്‍വീസ് നിര്‍ത്തിവയ്ക്കുകയായിരുന്നു.
ഇതോടെ സ്കൂള്‍ വിദ്യാര്‍ഥികളും ഓഫീസുകളിലും തൊഴിലിടങ്ങളിലും എത്തേണ്ടവരും വഴിയില്‍ കുടങ്ങി. അവസരം മുതലാക്കി ഓട്ടോറിക്ഷക്കാരും ജീപ്പുകളും അമിതചാര്‍ജ് ഈടാക്കി വളാഞ്ചേരി-അങ്ങാടിപ്പുറം റൂട്ടില്‍ സമാന്തര സര്‍വീസും ആരംഭിച്ചു.
ഇതിനിടെ ബസ് ഓണേഴ്സ് അസോസിയേഷനും പോലീസും ചര്‍ച്ച നടത്തുകയും സമരം പിൻവലിക്കുകയുമായിരുന്നു. കാര്‍ ഉടമക്കും ബസ് ജീവനക്കാര്‍ക്കുമെതിരെ രണ്ടു കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു.
കസ്റ്റഡിയിലെടുത്ത ബസും കാറും നാളെ പെരിന്തല്‍മണ്ണ ഡിവൈഎസ്പി എത്തിയ ശേഷം വിട്ടുനല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും. ബസുടമകളെ പ്രതിനിധീകരിച്ച് മുഹമ്മദലിഹാജി, എം.പി.കെ. യൂസഫ്, ഫൈവ് സ്റ്റാര്‍ സലിം, സജി എന്നിവര്‍ കൊളത്തൂര്‍ എസ്ഐ വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ പങ്കെടുത്തു.