പെരിന്തല്‍മണ്ണയിലെ ഫ്ളാറ്റ് നിവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കും: എംഎല്‍എ
1492587
Sunday, January 5, 2025 5:08 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭയുടെ കീഴിലെ ഒലിങ്കര പതിനാറാം വാര്‍ഡിലെ ഇരുനൂറില്‍ പരം കുടുംബങ്ങള്‍ താമസിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് നജീബ് കാന്തപുരം എംഎല്‍എ. ഫ്ളാറ്റിലെ ജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങള്‍, മാലിന്യ പ്രശ്നങ്ങള്‍, കുടിവെള്ള പ്രശ്നങ്ങള്‍, റോഡ് സംബന്ധമായ പ്രയാസങ്ങളെല്ലാം എംഎല്‍എ ഫ്ളാറ്റ് സന്ദര്‍ശിച്ച് നേരില്‍ കണ്ടു. തങ്ങള്‍ അനുഭവിക്കുന്ന വിഷയങ്ങള്‍ ഫ്ളാറ്റ് നിവാസികള്‍ എംഎല്‍എയ്ക്ക് മുമ്പാകെ അവതരിപ്പിച്ചു.
സാധ്യമായ കാര്യങ്ങള്‍ ചെയ്യാമെന്ന് എംഎല്‍എ ഉറപ്പ് നല്കി. നഗരസഭാ പ്രതിപക്ഷ നേതാവ് പച്ചീരി ഫാറൂഖ്, മാട്ടുമ്മത്തൊടി ഉമ്മര്‍ ഉള്‍പ്പെടെയുള്ളവര്‍ എംഎല്‍എയോടൊപ്പമുണ്ടായിരുന്നു. അതേസമയം ഒലിങ്കരയിലെ ലൈഫ് ഫ്ളാറ്റ് സമുച്ചയത്തില്‍ മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ (എസ്ടിപി) നിര്‍മാണം ആരംഭിച്ചു. 2,35,88,200 രൂപയാണ് നിര്‍മാണ ചെലവ്.
സംസ്ഥാന സര്‍ക്കാരിന്റെ പൈലറ്റ് പ്രൊജക്ടായാണ് പദ്ധതി നടപ്പാക്കുന്നത്. ഫ്ളാറ്റ് സമുച്ചയത്തില്‍ മലിനജലം പുറത്തേക്ക് ഒഴുകുന്നത് വലിയ പ്രശ്നങ്ങള്‍ക്കിടയാക്കിയിരുന്നു. നിലവിൽ ഇവിടെ 400 പേര്‍ക്കുള്ള വാസസ്ഥലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.
ഇതില്‍ 200 കുടുംബങ്ങള്‍ താമസവും തുടങ്ങി. 34 ബ്ലോക്കുകളില്‍ നിന്നുള്ള മലിനജലം ശേഖരിക്കാനുള്ള നെറ്റ്വര്ക്കിംഗ് സിവില്‍ നിര്‍മാണങ്ങള്‍, ഇലക്ട്രോ മെക്കാനിക്കല്‍ ഉപകരണങ്ങളുടെ വിതരണം, പ്ലാന്റിന്റെ പ്രവര്‍ത്തനം, പരിപാലന സേവനങ്ങള്‍ എന്നിവയാണ് ഒരുക്കുന്നത്.