നിലമ്പൂരില്‍ കടകളില്‍ പരിശോധന നടത്തി
1493435
Wednesday, January 8, 2025 5:18 AM IST
നിലമ്പൂര്‍: മാലിന്യമുക്തം നവകേരളം, വലിച്ചെറിയല്‍ മുക്തവാരാചരണം, നിലമ്പൂര്‍ പാട്ടുത്സവം എന്നിവയോട് അനുബന്ധിച്ച് നിലമ്പൂര്‍ നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ നഗരപരിധിയിലെ വിവിധ ഹോട്ടലുകള്‍, കൂള്‍ബാറുകള്‍ എന്നിവയുൾപ്പെടെ 40 ഓളം സ്ഥാപനങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന നടത്തി.
തലേ ദിവസം പാചകം ചെയ്ത് ഫ്രീസറില്‍ സൂക്ഷിച്ചിരുന്നതും കേടായതുമായ ഭക്ഷണങ്ങളും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും പിടിച്ചെടുത്തു നശിപ്പിച്ചു. ന്യൂനതകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി പിഴ ചുമത്തി.
നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ കെ.സി. രാജീവ്, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബി. അനില്‍കുമാര്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് ഒന്ന് കെ. വിനോദ്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ.പി. ഡിന്റോ, സി. രതീഷ്, ഡ്രൈവര്‍ വിജീഷ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.