മുട്ടിപ്പാലം ഇനി ഹരിത അങ്ങാടി
1493428
Wednesday, January 8, 2025 5:18 AM IST
മഞ്ചേരി: മഞ്ചേരി നഗരസഭാ സൗന്ദര്യവത്കരണ പദ്ധതി "ഗ്രീന്‍ മഞ്ചേരി’യുടെ ഭാഗമായി മുട്ടിപ്പാലത്തെ ഹരിത അങ്ങാടിയായി പ്രഖ്യാപിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ വി.എം. സുബൈദ ഉദ്ഘാടനം ചെയ്തു. മുട്ടിപ്പാലം മുതല്‍ 22-ാം മൈല്‍ വരെ 200 മീറ്റര്‍ ദൂരം മനോഹരമാക്കുന്ന പ്രവൃത്തിയാണ് നടത്തിയത്. നടപ്പാതകളിലെ കൈവരികളില്‍ നൂറിലധികം ചെടിച്ചട്ടികള്‍ സ്ഥാപിച്ചു.
പദ്ധതിയുടെ ഭാഗമായി നഗരസഭയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് പ്രവേശന കവാടവും സ്ഥാപിച്ചു. വിപുലമായ ശുചീകരണ പ്രവൃത്തിയും നടത്തി. നഗരസഭാ ശുചീകരണ തൊഴിലാളികള്‍ക്കൊപ്പം നാട്ടുകാരും പദ്ധതിയുടെ ഭാഗമായി.
ചെടിച്ചട്ടികള്‍ ദിവസവും വെള്ളമൊഴിച്ച് സംരക്ഷിക്കേണ്ടത് ഇതിന് മുന്നിലെ വ്യാപാരികളുടെ ചുമതലയാണ്. പൊതുജന പങ്കാളിത്തത്തോടെയാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. മുട്ടിപ്പാലത്തെ വ്യാപാരികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ക്ലബ് അംഗങ്ങള്‍, പൊതുപ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ പിന്തുണ നല്കി.
സ്വച്ഛ് സര്‍വേക്ഷന്‍ മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി നഗരസഭയിലെ അങ്ങാടികള്‍ ഹരിത അങ്ങാടികളാക്കുന്നതിന്റെ ഭാഗമായാണ് ആദ്യഘട്ടമെന്നോണം മുട്ടിപ്പാലത്തെ തെരഞ്ഞെടുത്തത്. ഉദ്ഘാടനത്തോടനുബന്ധിച്ച് മഞ്ചേരി നഗരസഭ അതിര്‍ത്തി മുതല്‍ മുട്ടിപ്പാലം അങ്ങാടി വരെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയും നടത്തി.
മുട്ടിപ്പാലം എഎംഎല്‍പി സ്കൂളിലെ ഹരിതസഭ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച "മരണം മണക്കുന്ന പ്ലാസ്റ്റിക്’ എന്ന തെരുവുനാടകവും അരങ്ങേറി. സ്കൂളിനും വിദ്യാര്‍ഥികള്‍ക്കും നഗരസഭയുടെ അഭിനന്ദനപത്രവും ഉപഹാരവും കൈമാറി. വൈസ് ചെയര്മാന് വി.പി. ഫിറോസ് അധ്യക്ഷത വഹിച്ചു.
ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ റഹീം പുതുക്കൊള്ളി മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്ഥിരം സമിതി അധ്യക്ഷരായ യാഷിക് മേച്ചേരി, സി. സക്കീന, എന്‍.എം. എല്‍സി, കൗണ്‍സിലര്‍മാരായ വി.കെ. മുജീബ് റഹ്മാന്, മരുന്നന്‍ മുഹമ്മദ്, ഹുസൈന് മേച്ചേരി, മുജീബ് റഹ്മാന് പരേറ്റ, ചിറക്കല്‍ രാജന്, വി.സി. മോഹനന് തുടങ്ങിയവര്‍ പ്രസംഗിച്ചു.