കുടിശിക ലഭിച്ചില്ലെങ്കില്‍ ഉച്ചഭക്ഷണ പദ്ധതി നിര്‍ത്തുമെന്ന് പ്രധാനാധ്യാപകര്‍
1493429
Wednesday, January 8, 2025 5:18 AM IST
മലപ്പുറം: സ്കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണവും പോഷകാഹാരവും നല്കിയ വകയില്‍ പ്രൈമറി ഹെഡ്മാസ്റ്റര്‍മാര്‍ക്ക് ലഭിക്കാനുള്ള കുടിശിക തുക അടിയന്തരമായി അനുവദിച്ചില്ലെങ്കില്‍ ഉച്ചഭക്ഷണ പദ്ധതി നിര്‍ത്തിവയ്ക്കുമെന്ന് കേരള ഗവണ്മെന്റ് പ്രൈമറി സ്കൂള്‍ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന് (കെജിപിഎസ്എച്ച്എ) ജില്ലാ കമ്മിറ്റി എക്സിക്യൂട്ടീവ് യോഗം മുന്നറിയിപ്പ് നല്കി.
സെപ്റ്റംബര്‍ മുതല്‍ ഈയിനത്തില്‍ സര്‍ക്കാര്‍ തുക അനുവദിച്ചിട്ടില്ല. കുടിശിക സംബന്ധിച്ച് പരാതി നല്കുമ്പോള് നൂണ്മീല് ഓഫീസര്‍മാരും വിദ്യാഭ്യാസ ഓഫീസര്‍മാരും കൈമലര്‍ത്തുകയാണ്.
ആറ് ലക്ഷം രൂപ വരെ ലഭിക്കാനുള്ള ഹെഡ്മാസ്റ്റര്മാരുണ്ട്. ഉച്ചഭക്ഷണ പദ്ധതി സംബന്ധിച്ച കേസ് ഹൈക്കോടതിയില്‍ പരിഗണനയ്ക്ക് വരുമ്പോള്‍ പേരിന് തുക അനുവദിച്ച് കോടതിയെ തെറ്റിധരിപ്പിക്കുന്ന സൂത്രവിദ്യയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സര്‍ക്കാരിന്റെ വഞ്ചനാപരമായ ഈ സമീപനം അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന ട്രഷറര്‍ ഷീബ കെ. മാത്യു യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.സി. മൊയ്തീന് കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സി.എം. മുസ്തഫ, ഫസീല വില്ലന്‍, ടി.പി. അമീര്‍ ഷാ മുഹമ്മദ് (കുറ്റിപ്പുറം), വി. സിന്ധു, വി.ആര്. ഗീത (എടപ്പാള്‍), പി. സുധാകരന് തുടങ്ങിയവര്‍ പ്രസംഗിച്ചു.