വനനിയമ ഭേദഗതിക്കെതിരേ മലയോര മേഖലയിൽ പ്രതിഷേധം ശക്തം
1494087
Friday, January 10, 2025 5:26 AM IST
കരുവാരകുണ്ട്: വനനിയമ ഭേദഗതിക്കെതിരേ മലയോര മേഖലയിൽ പ്രതിഷേധം ശക്തമാകുന്നു. കേരള വനനിയമം ഭേദഗതി ചെയ്യുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് വിവിധ രാഷ്ട്രീയ, കർഷക സംഘടനകളാണ് രംഗത്തെത്തിയിട്ടുണ്ട്.
വനാതിർത്തിയിലെ 430 പഞ്ചായത്തുകളിലെ ഒന്നര കോടിയോളം വരുന്ന ജനങ്ങളെ കുടിയൊഴിപ്പിക്കാനും വന്യജീവി അക്രമണത്തിന് വിധേയരാക്കപ്പെടുന്ന രീതിയിൽ വിട്ടുകൊടുക്കാനും സഹായിക്കുന്ന വനഭേദഗതി ബില്ലിനെതിരേയാണ് ജനരോഷം ആളിക്കത്തുന്നത്. വനാതിർത്തിയോട് ചേർന്ന് താമസിക്കുന്ന കർഷകരുടെ ജീവിതം വനവുമായി ബന്ധപ്പെട്ടതാണ്. വനത്തിൽ പ്രവേശിക്കുന്നതിനും വനവിഭങ്ങൾ ശേഖരിക്കുന്നതിനും കടുത്ത ശിക്ഷയാണ് ഭേദഗതിചെയ്ത വനനിയമത്തിൽ നിർദേശിക്കുന്നതെന്നാണ് ആരോപണം.
ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ജന ജീവിതം കൂടുതൽ സങ്കീർണമാകുമെന്നും ജനങ്ങൾ ഭയപ്പെടുന്നു. മലയോര കർഷകരുടെ കൈവശത്തിലിരിക്കുന്ന കൃഷിഭൂമി ഉപേക്ഷിച്ച് നിർബന്ധിത കുടിയിറക്കലിന് കാരണമായേക്കാവുന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഇഎസ്എ വിജ്ഞാപനമെന്ന കുരുക്ക് അഴിയുന്നതിന് മുമ്പേ മറ്റൊരു കുരുക്ക് മലയോര കർഷകരുടെ കഴുത്തിൽ ചാർത്താനുള്ള തിടുക്കമാണ് ഇവിടുത്തെ പ്രധാന രാഷ്ട്രീയ പാർട്ടികൾക്കെന്നും കർഷകർ സംശയിക്കുന്നു.
അതേ സമയം ജനവാസ കേന്ദ്രങ്ങളിൽ തമ്പടിച്ച് കാർഷിക വിളകൾ നശിപ്പിക്കുകയും ജനങ്ങളെ ആക്രമിച്ച് വക വരുത്തുകയും ചെയ്യുന്ന കാട്ടുമൃഗങ്ങളെ ജനവാസ കേന്ദ്രങ്ങളിൽ നിന്നും അകറ്റി വനത്തിനുള്ളിൽ നിർത്താനുള്ള ശ്രമം അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകാത്തതിലും പ്രതിഷേധം ശക്തമാണ്.
വനനിയമ ഭേദഗതിക്കെതിരേ തിങ്കളാഴ്ച കരുവാരകുണ്ട് പഞ്ചായത്ത് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിക്കുന്നുണ്ട്.വരും ദിവസങ്ങളിൽ വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം.