‘നാഷണൽ ഹൈവേ ഓഫ് ഇന്ത്യക്ക് ശിപാർശ ചെയ്തുകൊണ്ട് റിപ്പോർട്ട് സമർപ്പിക്കും’
1494090
Friday, January 10, 2025 5:26 AM IST
ജില്ലാ ആശുപത്രിയുടെ ഇരു ബ്ലോക്കുകളേയും ബന്ധിപ്പിക്കുംവിധം ഓവർബ്രിഡ്ജ്
പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയുടെ ഇരു ബ്ലോക്കുകളേയും ബന്ധിപ്പിക്കുംവിധം ഓവർബ്രിഡ്ജോ അണ്ടർ ഗ്രൗണ്ട് നടപ്പാതയോ നിർമിക്കുന്നതിനായി നാഷണൽ ഹൈവേ ഓഫ് ഇന്ത്യയോട് ശിപാർശ ചെയ്തുകൊണ്ടുള്ള അനുകൂല റിപ്പോർട്ട് സമർപ്പിക്കുമെന്ന് സ്റ്റേറ്റ് നാഷണൽ ഹൈവേ അസിസ്റ്റന്റ് എൻജിനിയർ എ. ഇൻസാഫ് അറിയിച്ചു.
സ്ത്രീകളും കുട്ടികളും വയോജനങ്ങളും രണ്ട് ബ്ലോക്കുകൾക്കിടയിലുള്ള തിരക്കേറിയ റോഡ് മുറിച്ചു കടക്കാൻ ഏറെ പ്രയാസപ്പെടുന്നതായി താലൂക്ക് വികസന സമിതി മുമ്പാകെ പലപ്പോഴും ജനപ്രതിനിധികളും സാമൂഹ്യ പ്രവർത്തകരും ഉന്നയിക്കുക പതിവായിരുന്നു.
കഴിഞ്ഞ വികസന സമിതിയിലും വിഷയം ചർച്ചക്ക് വന്ന സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച പ്രാഥമിക പരിശോധന നടത്തുന്നതിനായി നാഷണൽ ഹൈവേ അധികൃതരോട് ആവശ്യപ്പെട്ടത്. സ്റ്റേറ്റ് നാഷണൽ ഹൈവേയുടെ റിപ്പോർട്ടും താലൂക്ക് സമിതി നൽകിയ അപേക്ഷയുടെ പകർപ്പും ഉടൻ തന്നെ നാഷണൽ ഹൈവേ ഓഫ് ഇന്ത്യക്ക് സമർപ്പിക്കും .
ഇത് സംബന്ധിച്ച് താലുക്ക് വികസന സമിതി കൺവീനറും തഹസിൽദാരുമായ ഹാരീസ് കപൂറിന്റെ അധ്യക്ഷതയിൽ ചേർന്ന ചർച്ചയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ. കെ. മുസ്തഫ, ലാൻഡ് റവന്യു തഹസിൽദാർ വേണുഗോപാൽ എന്നിവരും പങ്കെടുത്തു.